2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഒരു മറുനാടന്‍ മലയാളിയുടെ വിഷുത്തലേന്ന്


ഒരു മറുനാടന്‍ മലയാളിയുടെ വിഷുത്തലേന്ന്


ഈ വിഷുവിനു ഞാൻ ഒറ്റക്കാണ്.  രണ്ടു വര്ഷങ്ങള്ക്ക് മുമ്പ് ഒരു വിഷു - ഞാൻ അത് ഇവിടെ കുറിക്കുന്നു.  




''പണ്യെള് ഒരുപാടുണ്ട്, ന്നാലും നാളെ വിഷുവല്ലെ? മാര്‍ക്കെറ്റില്‍ പുവ്വാതെ പറ്റില്യ." വാമഭാഗം പറഞ്ഞു. "നിങ്ങ്ക്ക് കല്യാണ്‍ മാര്‍ക്കെറ്റ് അറ്യോല്ലോല്ലേ? ഞാനും വരാ." ശ്രീമതി തുടര്‍ന്നു.


അറിയാമോ എന്നോ? വര്‍ഷങ്ങള്‍ക്കു മുമ്പ് എത്ര പ്രാവശ്യം കല്യാണ്‍ മാര്‍ക്കെറ്റില്‍ പോയിരിക്കുന്നു. ഞങ്ങള്‍, മുംബൈക്കടുത്തുള്ള ഡോമ്പിവലിയില്‍ നിന്നും കല്യാണിലെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയിട്ട് രണ്ടുമൂന്നു ദിവസങ്ങളെ ആയുള്ളൂ. പണ്ട് ഞാന്‍ കല്യാണില് താമസിച്ചിട്ടുണ്ട് കല്യാണിക്കുന്നതിന് മുമ്പും പിമ്പും. (ഇപ്പോള്‍ ‍കല്യാണിനു വളരെ മാറ്റങ്ങള്‍ ഉണ്ട്.) കല്യാണത്തിന് ശേഷം, ശനിയാഴ്ച ബോംബെയില്‍നിന്നും ഹാഫ്ഡേ ഡ്യൂട്ടി കഴിഞ്ഞു വന്നു, വൈകിയാലും മൃഷ്ടാന്നം ശാപ്പാട് കഴിച്ചു, ഉടന്‍ ദൂരെയുള്ള കല്യാണ്‍ മാര്കെറ്റിലേക്ക് ഒറ്റയ്ക്ക് പോകും. അതുകണ്ട്,അശോക്‌ദേവ്രൂര്‍കര്‍ എന്ന മഹാരാഷ്ട്ര്യന്‍ അയല്‍വാസി സുഹൃത്ത്‌ ഒരിക്കല്‍ പറഞ്ഞു:


"ക്യാ ആദ്മി ഹേ ആപ്? ഇത്നാ ദൂര്സേ ഡ്യൂട്ടി കര്‍ക്കെ ആയാ, പേട്ട് ഭര്‍ക്കെ അഭി അഭി കല്യാണ് ജാരഹെ ഹോ? മാന്‍നാ പടേഗാ. ക്യാ സ്ടാമിനാ ഹേ, ബാപ് രേ." (താങ്കള്‍ എന്ത് മനുഷ്യനാണ്? ഇത്ര ദൂരെനിന്നു ജോലി കഴിഞ്ഞു വന്നു, ആഹാരം കഴിഞ്ഞ ഉടന്‍ കല്യാണ് മാര്‍ക്കെറ്റിലേക്ക് പോകുന്നോ? സമ്മതിക്കണം - താങ്കളുടെ പ്രാപ്തിയെ/ഓജസിനെ, എന്റപ്പോ.) എന്റെ ആ പരിപാടി, അശോകിന്റെ ഭാര്യയാണ് അയാള്‍ക്ക്‌ ചൂണ്ടിക്കാണിച്ചത്. അശോകിന് സഹിക്കുമോ


അതെ സുഹൃത്തേ, ജീവിതത്തില്‍ ഞാന്‍ കാണിച്ച ആ 'സ്ടാമിന' എന്നെ ഇവിടെവരെ എങ്കിലും എത്തിച്ചു എന്ന് ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ സംതൃപ്തനാണ്. ഭാര്യയുടെ ചോദ്യം കേട്ടതും ഞാന്‍ഈ ഫ്ലാഷ് ബാക്കില്‍ ആയിപ്പോയി. ഇപ്പോള്‍
അശോക്‌ ആര്‍ ബി ഐ യുടെ വലിയ ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്തിരിക്കണം.


"ന്താ മിണ്ടാത്ത്? പുവ്വ്വല്ലേ


", എസ്. ഞാന്‍ റെഡി." മനസ്സിലെക്കോടിയെത്തിയ ഫ്ലാഷ് ബാക്ക് ഭാര്യയിലേക്ക് പകര്‍ന്നു.


"കുഞ്ചുമണീ,  ഷോപ്പ് കീപ്പര്‍ എടുക്ക്‌."
അമ്മ, പഠിച്ചുകൊണ്ടിരിക്കുന്ന മകളോട് പറയുന്നത് കേട്ടു.


"ഷോപ്പ് കീപ്പറോ? യു മീന്‍ ബിഗ്‌ ഷോപ്പര്?" ഞാന്‍ ചോദിച്ചു.


(അബദ്ധം പറ്റിയ മട്ടില്‍ ചിരിച്ചുകൊണ്ട്) "അതെ, അതെ."


അങ്ങിനെ, ബിഗ്‌ ഷോപ്പര്‍, പത്നീസമേതം ലക്ഷ്മി മാര്‍ക്കെറ്റിലേക്ക് യാത്രയായി.

കല്യാണ് സ്റ്റേഷനില്‍ എത്തിച്ച ഓട്ടോറിക്ഷക്കാരന് കൂടുതല്‍ പൈസ വേണം. തെറ്റ് എന്റെതാണ്. എന്നും ആദ്യം പറഞ്ഞുറപ്പിച്ചിട്ടേ ഓട്ടോവിലും ടാക്സിയിലും ഒക്കെ കയറാറുള്ളൂ. ലോകത്ത് എവിടെ ആയാലും, അവര്‍ അങ്ങിനെയേ ചെയ്യൂ എന്നാണു എന്റെ വിശ്വാസം. അതില്‍ ഒരുപക്ഷെ സാക്ഷരകേരളം മുന്‍പന്തിയില്‍ ആയിരിക്കുകയും ചെയ്യും. ഓട്ടോ-ടാക്സി ഡ്രൈവര്‍മാരായ സുഹൃത്തുക്കള്‍ ക്ഷമിക്കണേ.

എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്. ശ്രീ പദ്മനാഭന്റെ മണ്ണിലെ ഒരു ടാക്സി ഡ്രൈവറുടെയും വിദേശിയുടെയും ലെജിസ്ലേട്ടിവ് അസ്സെംബ്ലി ഉള്‍പ്പെട്ട കഥപോലെ, കൊടുങ്ങല്ലൂര്‍ അമ്മയുടെ നാട്ടുകാരനായ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ എന്നെ കോട്ടപ്പുറത്തേക്ക് 'ഉലകം ചുറ്റും വാലിബന്‍' ആയിക്കൊണ്ട്‌ എത്തിച്ച കഥ മറക്കാന്‍ പറ്റില്ല. അപ്പോള്‍, ഇനി വാചകം അടിച്ചിട്ട് കാര്യമില്ല. പോയ പുത്തി ആന പിടിച്ചാല്‍ കിട്ടില്ല എന്നല്ലേ പറയുക. "നോ പ്രോബ്ലം, ഞാന്‍ ചോദിച്ചത് തരാം, പക്ഷെ നിങ്ങള്‍ നിങ്ങളുടെ ജോലിയോട് ഇങ്ങിനെ കാണിക്കരുത്." 


'വിടിന്‍, ഒന്നും പറയണ്ട." കളത്രം മൊഴിഞ്ഞു. ഞാന്‍ ചൂടാകുകയാണോ എന്ന് പേടിച്ച മട്ടില്‍. ഞാന്‍ അങ്ങിനെ ചൂടാകുന്ന തരക്കാരന്‍ അല്ല. പക്ഷെ, ഇന്സല്റ്റ് ചെയ്യപ്പെട്ടാല്‍, ഞാന്‍ അറിയാതെ പതുക്കെ ചൂടായി എന്നിരിക്കും. വീട്ടിലെ ഒരു കാരണവര്‍ പറയാറുണ്ടായിരുന്നപോലെ, "ഞാന്‍ എന്താ, മറ്റുള്ളവരെ പോലെ ഉപ്പും ചോറും തന്നെയല്ലേ
കഴിക്കുന്നത്?" അല്ലാ പിന്നെ.


ഞങ്ങള്‍ ഓട്ടോയില്‍ നിന്നിറങ്ങി സ്റ്റേഷന്‍ റോഡിലേക്ക് കടന്നു. അവിടെനിന്നു ലക്ഷ്മി മാര്‍ക്കറ്റിലേക്ക് നടക്കേണ്ട ദൂരമേ ഉള്ളൂ.


സ്റ്റേഷന്റെ തൊട്ടടുത്തുള്ള ദീപക് ഹോട്ടല്‍ ഇപ്പോഴും ഉണ്ട്. അതിന്റെ ഉടമയും, സ്ഥലത്തെ പ്രധാന ആശുപത്രികളില്‍ ഒന്നിന്റെ ഉടമയും ആയിരുന്ന ഡോ. ദീപക് ഷെട്ടി കൊലചെയ്യപ്പെട്ടിട്ടു വര്‍ഷങ്ങള്‍ കുറെയായി. (ഡോ. ഷെട്ടിയുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. ആള്‍ വളരെ കണിശക്കാരനാണെന്ന് തോന്നിയിരുന്നു.) ഡോ. ഷെട്ടിയുടെ കാര്യം ഓര്‍ക്കുമ്പോഴെല്ലാം, ഹിന്ദി സിനിമയിലെ പണ്ടത്തെ വില്ലനായിരുന്ന മൊട്ടത്തലയന്‍ ഷെട്ടിയെ ഓര്‍മ്മ വരും. താന്‍ ഒരു താരമല്ല എന്നും മസാല ദോശക്കു പേര് കേട്ട ഒരു ഉടുപ്പിക്കാരന്‍ മാത്രമാണെന്നും പറഞ്ഞ പാവം. അതുപോകട്ടെ, ഇവിടെ എത്തിയ ആദ്യനാളുകളില്‍, ദീപക് ഹോട്ടെലില്‍ നിന്നും 15 പൈസക്ക് ചായയും, 1 രൂപയ്ക്കു റൈസ് പ്ലേറ്റും കഴിച്ച കാര്യം ശ്രീമതിയോട് പറഞ്ഞപ്പോള്‍, "നിങ്ങള് ജാംബവാന്റെ കാലത്തെ ആളല്ലേ?" എന്ന മറുപടിയും കിട്ടി. ഇറ്റ്‌'സ്‌ ഓക്കേ. ഇങ്ങിനെയാണ്‌ വടി കൊടുത്തു അടി വാങ്ങുക.


ലക്ഷ്മി മാര്‍ക്കറ്റില്‍ എത്തി. അന്നത്തെ അതേപോലെതന്നെ. പച്ചക്കറികളുടെ പേരുകള്‍ മലയാളത്തില്‍ പറയുമായിരുന്ന ഭയ്യാജികളെ ആരെയും കണ്ടില്ല. പണ്ടത്തെ ഗാവ് വാലി പെണ്കൊടികളുടെ സ്ഥാനത്ത്‌ മധ്യവയസ്ക്കരും, അത്യാവശ്യം വയസായവരും ആയ സ്ത്രീകള്‍. പണ്ട് ഞാന്‍ പതിവായി കണ്ടിരുന്നവര്‍ ഇവര്‍ ആയിരിക്കുമോ? ഹേയ്, വെറുതെ സന്ദര്‍ഭവശാല്‍ പറഞ്ഞുപോയതാണേ. ഐ ആം ഇന്നോസേന്റ്റ്. (നമ്മുടെ സിനിമാനടന്‍ അല്ല. അദ്ദേഹം വാസ്തവത്തില്‍ ഇന്നോസേന്റ്റ് ആണോ എന്ന് പറയാന്‍ ഞാന്‍ ആളും അല്ല.) ബൈ ദി ബൈ, ഇങ്ങിനെയൊക്കെ ആണെങ്കിലും, ഞാന്‍ ചെറുപ്പക്കാരന്‍ ഒന്നും അല്ല, തലയില്‍ പെയിന്റ് അടിച്ചുകൊണ്ട് നടക്കുകയാണ് എന്ന് ഞാന്‍ മെമ്പര്‍ ആയ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ഒരു തരുണീമണി പറഞ്ഞുകൊണ്ട് നടന്നിരുന്നു. അസൂയക്കും കഷണ്ടിക്കും മരുന്നില്ലത്രേ. പക്ഷെ, ഗള്‍ഫ്‌ ഗേറ്റ് രണ്ടാമത്തെ കാര്യം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നു. മലയാളിമങ്കമാര്‍ (അവരുടെ പങ്കാളികളും - ഈയുള്ളവനെപ്പോലെ) വിഷു പര്‍ചെസിനു ഇറങ്ങിയിട്ടുണ്ട്. തമ്മില്‍ പരിചയമില്ലെങ്കിലും ഇതേതാ യുവമിഥുനങ്ങള്‍ എന്ന മട്ടില്‍ അന്യോന്യം നോക്കുന്നുണ്ട്, ചിരിക്കണോ വേണ്ടയോ എന്ന് വല്ലാതെ ശങ്കിക്കുന്നുമുണ്ട്.


മാര്‍ക്കറ്റിംഗ് ഉഷാര്‍ ആക്കി. അഞ്ചു രൂപയ്ക്ക് ഒരു വലിയ മുട്ടക്കൂസ്, രണ്ടു രൂപയ്ക്കു ഇലക്കറി ഐറ്റംസ് - എന്തിനധികം, വീട്ടുകാരിക്ക്‌ 'ക്ഷ' രസിച്ചു. അവിടെനിന്നു തിരിക്കുന്നതിനു മുമ്പ്, മൂത്ത മോളുടെ (അടുത്ത സ്റ്റേഷനില്‍ താമസം) ഫോണ്‍ വന്നു.


"അച്ഛ എവടേണ്?"


ഞാന്‍ വിവരം പറഞ്ഞു. "മോളൂ, മോളൂനു മൂന്നു വയസ്സുള്ളപ്പോള്‍ വന്നതാ അച്ഛ ഇവടെ. പിന്നെ ഇപ്പഴാ വര്ണത്. പച്ചക്കറികള്‍ പണ്ടത്തെപ്പോലേന്നെ ഭയങ്കര ചീപ്പ്. അമ്മക്ക്, പുന്നെല്ലുകണ്ട എലിയെപ്പോലെ ചിരി വ ര് ണ് ണ്ട് ട്ടോ." അടുത്തുനിന്ന 'അമ്മ' അതുകേട്ടു ഈയുള്ളവന്റെ പുറത്ത് ഒരടിയും വെച്ചുതന്നു. അതുകണ്ട തേങ്ങക്കച്ചവടക്കാരന്‍ ‍പയ്യന്‍ ചിരിക്കാതിരിക്കാന്‍ പാടുപെട്ടുകൊണ്ട്‌ മുഖം തിരിച്ചു.


ലക്ഷ്മിമാര്‍ക്കറ്റില്‍നിന്നും തിരിക്കുമ്പോഴേക്കും ബിഗ്‌ ഷോപ്പര്‍ ഭൂമിയെ ഉമ്മവെക്കാന്‍ തിടുക്കം കൂട്ടി. 'അടങ്ങ്‌ വേലായുധാ അടങ്ങ്‌', ഞാന്‍ അല്‍പ്പം പണിപ്പെട്ടു പിടിക്കാന്‍ തുടങ്ങി.


"ഞാന്‍ പിടിക്കാ", വാമഭാഗം മൊഴിഞ്ഞു.


"വേണ്ട", അതൊരു മര്യാദ അല്ലല്ലോ. അങ്ങിനെ പറഞ്ഞില്ലെങ്കില്‍, പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ പുരുഷവര്‍ഗ്ഗത്തിന് പിന്നെ എന്താ ഒരു വില


"ഒരു മിനിറ്റ്, ആ ബാഗ് ഇതാ ഇവടെ വെക്കിന്‍", സൌകര്യാര്‍ത്ഥം ഒരു സ്ഥലം ചൂണ്ടിക്കാണിച്ചുകൊണ്ട് തറവാട്ടമ്മ പറഞ്ഞു.


അനന്തരം, എന്റെ മുഖത്തുതന്നെ കണ്ണുംനട്ട് ഒരു വല്ലാത്ത ഭാവത്തില്‍ അല്‍പ്പം പുഞ്ചിരി വരുത്തിക്കൊണ്ട്, ഹാന്‍ഡ്‌ബാഗില്‍ നിന്നും ഒരു പ്ലാസ്റ്റിക്‌ സഞ്ചി എടുത്തു. സ്വയം കുറെ ഐറ്റംസ് ബിഗ്‌ ഷോപ്പറില്നിന്നും എടുത്ത് അതിലെക്കാക്കി.


"ഇനി എടുത്തോള്‍."''


"കൊപ്പ്ടി (തലമണ്ട) വിരോധൂല്യല്ലോ", ഞാന്‍.


"നിങ്ങള് പിന്നെന്താ വിചാരിച്ച്?" 


ഹോ, ഇതിലിത്ര ആനക്കാര്യം എന്തിരിക്കുന്നു എന്ന് ചോദിക്കാനുള്ള കുസൃതി മനസ്സില്‍ തോന്നി എങ്കിലും വേണ്ടെന്നു വെച്ചു. കാരണം, ചെയ്ത നല്ലകാര്യത്തിനെ അവഗണിച്ചു എന്ന് വേണ്ട. അപ്പോള്‍ ഇവിടെ, മൌനം വിദ്വാനു ഭൂഷണം.


ഇനി, പപ്പടവും മറ്റും വാങ്ങാന്‍ വെളിയില്‍ കടക്കണം. ആയിക്കളയാം. പതുക്കെ നടന്നു. വഴിയില്‍, പൈ ബ്രോസ്. & കോ., S R V നാഥ് & കോ. മുതലായ പണ്ടത്തെ കടകള്‍ അതേപോലെ കണ്ടു. അവിടെയുള്ളവരെ ശ്രദ്ധിച്ചു - കാലം തീര്‍ത്ത വ്യത്യാസങ്ങള്‍ അവരില്‍ കാണാം - പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ട അതെ മുഖങ്ങള്‍ (ഡോക്റ്റര്‍ ആകുന്നതിനുമുമ്പുതന്നെ ഞാന്‍ ഇക്കാര്യത്തില്‍ specialize ചെയ്തിട്ടുണ്ടുട്ടോ. എന്നിട്ടും മാര്‍ക്കറ്റിലെ അന്നത്തെ ഗാവ് വാലി തരുണികള്‍ - ഗ്രാമീണ കന്യകകള്‍ - ഇപ്പോള്‍ കണ്ട മധ്യവയസ്ക്കകള്‍ ആണോ എന്നങ്ങോട്ടു ഉറപ്പിച്ചു പറയാന്‍ ആകുന്നില്ലല്ലോ. ഒബ്സെര്‍വേഷന്‍ ഈസ്‌ ഓര്‍ വാസ് പുവര്‍ - ഞാന്‍ സ്വയം കുറ്റപ്പെടുത്തി.) ഇനി, മുകളില്‍ പറഞ്ഞ കടകളിലേക്ക് തിരിച്ചു വരാം. ചിലര്‍ ഫോട്ടോകള്‍ ആയി ചുവരില്‍ പൂമാലയുമിട്ടു ചിരിച്ചുകൊണ്ടിരിക്കുന്നു. ദൈവമേ, സാധാരണനിലക്ക്, കുറെ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ കാര്യവും ഇങ്ങിനെ ആകില്ലേ - ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. എന്റെ കൊച്ചുമോള്‍ മാളൂട്ടി പ്രാര്ത്ഥിക്കുംപോലെ, പക്ഷെ മനസ്സില്‍ പ്രാര്ത്ഥിച്ചു: അമ്പാട്ടീ, രക്ഷിക്കണേ.


ഹോട്ടല്‍ പുഷ്പ്പരാജ് കണ്ടപ്പോള്‍, കൂടെയുള്ള ആളോട് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചതേയുള്ളൂ. മറപടി ഒരു ചിരിയുടെ അകമ്പടിയോടെ കിട്ടി: "മസാല ദോശ കഴിച്ചിട്ട് ഒരുപാടായി". "ഓക്കേ, നമുക്ക് കഴിച്ചിട്ട്, കുഞ്ചുമണിക്ക് പാര്‍സല്‍ കൊണ്ടുപുവ്വാ." (പിന്നീടൊരിക്കല്‍ മസാല ദോശ വീട്ടില്‍ ഉണ്ടാക്കിയപ്പോള്‍, പറയുന്നതും കേട്ടു: "ഈ സാധനത്തിനാണോ അന്ന് ഹോട്ടലില്‍ ..... ഉറുപ്പിക കൊടുത്തത്? എന്റീശ്വരാ. നമുക്ക് പ്രാന്താല്ലേ?" ഹാ, ഹാ, ഹാ, ചിരിക്കാതെന്തു ചെയ്യും? എന്റെ ഭാര്യെ, അങ്ങനെ ഹോട്ടല്‍ പ്രേമം ഇല്ലെങ്കിലും, ഒറ്റയ്ക്ക് കഴിഞ്ഞ നാളുകളില്‍ ഹോട്ടല്‍ക്കാര്‍ക്ക് ഞാന്‍ എല്ലാംകൂടി നല്ലൊരു തുക കൊടുത്തിട്ടുണ്ടല്ലോ. അതുണ്ടെങ്കില്‍ ഇന്നൊരു വില്ല വാങ്ങാനുള്ള വകുപ്പ് ഉണ്ടായേനെ. എന്നാല്‍, ഞാന്‍ എന്റെ നാവിനു കൂച്ചുവിലങ്ങിട്ടു. എന്താണെന്നോ? പറഞ്ഞാല്‍അബോധാവസ്ഥയിലായാൽ ആയാല്‍ ആംബുലന്‍സ് വിളിക്കേണ്ടി വന്നാലോ?)



ഫ്ലാറ്റില്‍ തിരിച്ചെത്തി. രണ്ടുപേരുംകൂടി പിറ്റേ ദിവസം പുലര്‍ച്ചെ കാണാനുള്ള കണി കൂട്ടി.


വിഷുത്തലേന്ന് എന്നതാണ് ഞാന്‍ ഇതിനിട്ട പേര് എങ്കിലും, ഒരു വാല്‍ക്കഷ്ണം കൂടി കിടക്കട്ടെ:


കണി കണ്ടു. സൊസയ്റ്റിയിലുള്ള മലയാളികള്‍ കോംപൌണ്ടിലുള്ള ക്ഷേത്രത്തില്‍ കണികൂട്ടി. (ക്ഷണം ഉണ്ടായിരുന്നു.) അതും കണ്ടു. അവിടെ നല്ല കാറ്റുള്ള കാരണം നിലവിളക്ക് കത്തിക്കാന്‍ ഒരു ചങ്ങാതി വളരെ പാട് പെ.ട്ടു. അദ്ദേഹം പാടിത്തുടങ്ങി:


കാറ്റേ നീ വീശരുതിപ്പോള്‍.....



അപ്പോള്‍, ഒരാള്‍ ഇടപെട്ടു: അതൊക്കെ പിന്നെ പാടാം മാഷെ. കണികാണും നേരം കമലാനേത്രന്റെ... പാട്."


പാട്ടും, ഒരു കാരണവരുടെ വക വിഷുക്കൈനീട്ടവും,കോംപൌണ്ടിന് പുറത്തു വെച്ചു ചെറിയൊരു ഫയര്‍ വര്‍ക്സും കഴിഞ്ഞു. പടക്കം പലതും പൊട്ടിയില്ല. കുറെ ദിവസങ്ങള്‍ക്കു മുമ്പ് വാങ്ങിയകാരണം, കേടുവരാതിരിക്കാന്‍ ഫ്രിഡ്ജില്‍ വച്ചതുകൊണ്ടായിരിക്കാം വീര്യം കുറഞ്ഞതെന്നു ഒരു വിരുതന്‍ തട്ടിവിടുന്നത് കേട്ടു.

- =o0o= -

24 അഭിപ്രായങ്ങൾ:

  1. തനിയേയാണെങ്കിലും ഈ വര്‍ഷത്തെ വിഷുവും
    കെങ്കേമമായി ആഘോഷിക്കാന്‍ ദൈവം അനുഗ്രഹിയ്ക്കട്ടെ...!!! :)

    എന്‍റെ ഹൃദയംഗമമായ വിഷു-ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. രസകരമായ വിവരണം ഡോക്ടറെ.
    ഇഷ്ടപ്പെട്ടു
    ഐശ്വര്യ നിറഞ്ഞ വിഷുആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. വിഷു തലേന്ന് തനിച്ചിരിക്കുമ്പോൾ ഭാര്യയെ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ട് അല്ലെ ഡോക്ടറെ
    ഇനി ചെല്ലുമ്പോൾ താങ്കള്ക്ക് മാത്രമായി ഒരു വിഷു അവർ ഒരുക്കി തരില്ലെ.
    ഓർമ്മകൾക്കെന്തു സുഗന്ധം
    വിഷു ദിന ആശംസകക്ൽ

    മറുപടിഇല്ലാതാക്കൂ
  4. ഇങ്ങിനെ അയവിറക്കാന്‍ കഴിയുന്ന വിഷുവാണ് ഇപ്പോള്‍ നല്ലത്. വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. പ്രിയമുള്ള ഡോക്ടര്‍,

    വിഷു ഓര്‍മ്മകള്‍ അസ്സലായി'ട്ടോ...
    സന്തോഷം നിറഞ്ഞ സമയങ്ങള്‍!!!
    ഐശ്വര്യ സമൃദ്ധമായ ഒരു വിഷുദിനം ഞാനും ആശംസിച്ചോട്ടെ...

    മറുപടിഇല്ലാതാക്കൂ
  6. ഓർമ്മക്കുറിപ്പ് വളരെ സരസമായി അവതരിപ്പിച്ചു.

    A belated but, heartful VISHU GREETINGS to you....

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  7. നല്ല ഒഴുക്കോടെ വായിച്ചെത്തിച്ചു, മാഷേ... നല്ല വിവരണം

    മറുപടിഇല്ലാതാക്കൂ
  8. സുഖമുള്ള വായന ..

    വിഷു ഓര്‍മ്മകള്‍ വളരെ നന്നായി

    മറുപടിഇല്ലാതാക്കൂ
  9. sweet memories ....


    Pinne flash back bharyilekku pakarnnoo enna prayogam shariyano ?
    (Mobilil anu athanu mangleesh sorry)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹൃത്തേ, ആദ്യമായി, ബ്ലോഗ്‌ വിശദമായി വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം, നന്ദി.

      പിന്നെ, ആ പ്രയോഗം സംശയമുണ്ടാക്കിയത് നോട്ട് ചെയ്തു. ആ പഴയ കാര്യം ഭാര്യക്കും അറിയാം; അത് ഫ്ലാഷ്ബാക്കിൽ എന്റെ സ്മൃതിപഥത്തിൽ തെളിഞ്ഞത് അങ്ങിനെതന്നെ അയമ്മയോടും (അയമ്മ - ഒരു പാലക്കാടൻ പ്രയോഗം = ആ അമ്മ!) പറഞ്ഞു എന്നാണു അതങ്ങോട്ടും പകര്ന്നു എന്നത് വഴി അർത്ഥമാക്കിയത്.

      ഇല്ലാതാക്കൂ
  10. വിഷുത്തലെന്നു വളരെ രസമായി തന്നെ അവതരിപ്പിച്ചല്ലോ. ശരിക്കും പറഞ്ഞാല്‍ ബോംബെയിലെ ആഘോഷം ഒരാഘോഷം തന്നെയാണ്. ഈ വടി കൊടുത്ത് അടി വാങ്ങുന്നത് എങ്ങിനെയാണെന്ന് മനസ്സിലായി. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ മറ്റൊരു ജില്ലയില്‍ (ജില്ല പറയുന്നില്ല) ഓട്ടോയില്‍ പോകേണ്ടി വന്നപ്പോള്‍ പൈസ ആദ്യം ചോദിച്ചതിനു ആ ഓട്ടോക്കാരന്‍ എന്നെ പറയാത്ത ചീത്തയും പേടിപ്പിക്കാത്ത രീതികളും ഇനി ബാക്കിയുണ്ടോ എന്ന് സംശയമാണ്. "അല്ല മാഷെ..ഞങ്ങള്..." ഞാന്‍ പറയുന്നതിനുമുന്‍പ് അയാള്‍ പറഞ്ഞു. "ഏത് മാഷ്‌? ഞാന്‍ മാഷോന്നും അല്ല.. "എന്ന് തുടങ്ങിയ തട്ടിക്കെരല്‍ തുടങ്ങി. പിന്നെ മിണ്ടാതെ ഇരുന്നു. എന്നെ ഇറക്കെണ്ടിടത്ത് ഇറക്കി മൂന്നിരട്ടി പൈസയും വാങ്ങി അയാള്‍ സ്ഥലം വിട്ടു. ഇങ്ങിനെയും കുഴപ്പങ്ങള്‍ ഉണ്ടാകുന്നുണ്ട്.
    ഇത്തവണ വളരെ സരസമായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  11. ഈ വടി കൊടുത്ത് അടി വാങ്ങുന്നത് എങ്ങിനെയാണെന്ന് മനസ്സിലായി. ha ha
    (ജില്ല പറയുന്നില്ല) Ayyo, njaan jilla paranjupoyi. Abaddham aayo?
    മൂന്നിരട്ടി പൈസയും വാങ്ങി അയാള്‍ സ്ഥലം വിട്ടു. Avanthan Taxi driver!
    Thank u v much,Sir.

    മറുപടിഇല്ലാതാക്കൂ
  12. ഒരുപാട് ഇഷ്ടായി ഈ വിവരണം ... .

    എഴുത്തിലെ തമാശയും കൊച്ചു വര്‍ത്തമാനവും ഒക്കെ ഇഷ്ടായി ....

    ഏട്ടാ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

.