2016 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മോഷണഭ്രമം


Blog post no: 450 -

മോഷണഭ്രമം 

(ചിന്താവിഷയം) 

ക്ലെപ്‌റ്റോമാനിയ എന്നൊരു വാക്കുണ്ട്.  അതായത് മോഷണഭ്രാന്ത്/മോഷണഭ്രമം.  ചിലർക്ക് എന്ത്, എവിടെ കണ്ടാലും മോഷ്ടിക്കാനുള്ള ഒരു താല്പര്യം കൂടും.  അതുകൊണ്ടു പ്രത്യേകിച്ച് ഒരു ഉദ്ദേശ്യം ഉണ്ടാവണം എന്നില്ല.  താൻ അത് നേടി എന്ന ഒരു ആത്മസംതൃപ്തി!  എന്നാൽ പലനാൾ കള്ളൻ ഒരു നാൾ അകപ്പെടുമല്ലോ.  

പറഞ്ഞുവന്നത്, മുഖപുസ്തകത്തിലും മുകളിൽപ്പറഞ്ഞ പ്രവണതക്ക് അടിമയായവർ കുറവില്ല. ഒരു കടപ്പാട് പോലും വെക്കാതെ നല്ല രചനകൾ അതേപടി, തങ്ങളുടെ സൃഷ്ടിയാണ് എന്ന് വരത്തക്കവിധത്തിൽ പോസ്റ്റ് ചെയ്യുന്നു! 

''കൊണ്ടുപോകില്ല ചോരന്മാർ....'' എന്ന് ചെറുപ്പത്തിൽ വിദ്യാലയത്തിൽ പഠിച്ചവർതന്നെ വിദ്യ മോഷ്ടിക്കുന്നു! 

സാഹിത്യ/പോസ്റ്റ് മോഷ്ടാക്കളേ, അതൊന്നും വേണ്ടെന്നേ. രണ്ടെങ്കിൽ രണ്ടു വരികൾ നമുക്ക് നമ്മുടെ സ്വന്തമായി എഴുതാൻ നോക്കാം.  തെറ്റുകൾ മറ്റുള്ളവർ ചൂണ്ടിക്കാണിച്ചാൽ അതുൾക്കൊണ്ടു മുന്നോട്ടു പോകാം.  എന്നാൽ രക്ഷയുണ്ട്. എന്നാലേ രക്ഷയുള്ളൂ. 

2016 സെപ്റ്റംബർ 17, ശനിയാഴ്‌ച

ആശുപത്രി

Blog post no: 449 -

ആശുപത്രി 

അസ്പതാൽ എന്ന് ദൂരെനിന്നു കണ്ടപ്പോൾ ഒന്ന് അടുത്തുചെന്നു നോക്കിക്കളയാം എന്ന് തോന്നി.  

അത് മുഴുവനായി ഞാൻ വായിച്ചു -

ബീമാർ താലോം കെ അസ്പതാൽ!  അതായത് അസുഖമുള്ള പൂട്ടുകൾക്കുള്ള ആശുപത്രി. 

മനസ്സിലായോ?  പൂട്ടും താക്കോലും റിപ്പർ ചെയ്തു, അത് വേണമെങ്കിൽ പുതുതായി ഉണ്ടാക്കിക്കൊടുക്കുന്ന 
സ്ഥലം.  

ഒന്നുകൂടി വ്യക്തമാക്കിയാൽ - കീ മേക്കർ, പൂട്ടും താക്കോലും കിട്ടുന്ന സ്ഥലം. 

തല കറങ്ങുന്നുണ്ടോ?  വന്നോളൂ, മരുന്നുതരാം.   

2016 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

അല്പം മസാലദോശ വിശേഷങ്ങൾ


Blog post no: 448 -

അല്പം മസാലദോശ വിശേഷങ്ങൾ
(നർമ്മം)

മസാലദോശ - ജീവിതത്തിലെ പല സന്ദര്ഭങ്ങളിലും എനിക്ക് മറക്കാനാവാത്ത ചില അനുഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ചിലത് ഇതാ -
എന്റെ ഒരു ഏട്ടൻ കാർന്നോർ ബോംബെയിൽ ആദ്യമായി എത്തിയപ്പോൾ, ആഹരിക്കുന്നതിനായി ഒരു ഉഡുപ്പി ഹോട്ടലിൽ കയറി. ''2 മസാലദോശ'' - ഓർഡർ പാസ്സാക്കി. രണ്ടാമത്തെ ആൾ ആര് എന്ന് പാവം വെയ്റ്റർ നോക്കുന്നത് മനസ്സിലാക്കി, ''ദൂസരാ ആദ്മി നഹി. ദോനോം മേരെക്കോഹീ ഹേ'' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മാതൃ കയായി. 

ഇത് അങ്ങോർതന്നെ മറ്റുള്ളവരോട് പറയാൻ മടികാണിച്ചില്ല എന്ന വാസ്തവം ആണ് ഇത് എഴുതാൻ കാരണം എന്ന് പറയേണ്ടതില്ലല്ലോ.

***

ഇദ്ദേഹംതന്നെ പണ്ട് ഞാനുമായി മലമ്പുഴ ഡാമിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ, ''ചട്ട്ണി കൊണ്ടുവരൂ'' എന്ന് വൈറ്ററോട് പറഞ്ഞു. മസാലദോശ ഓർഡർ ചെയ്തു കഴിഞ്ഞു.
വൈറ്ററുടെ ആത്മാഭിമാനം ആളിക്കത്തി. ''ഏതാ ഐറ്റം വേണ്ടതെന്നു പറഞ്ഞാൽ മതി. ചട്ട്ണിയും സാമ്പാറുമൊക്കെ അതിനോടൊപ്പം വരും.'' പാവം, നമ്മുടെ കഥാനായകൻ വിചാരിച്ചു, മസാലദോശ വരുന്നതിനുമുമ്പ് ചട്ട്ണി വരട്ടെ. അതും നുണഞ്ഞുകൊണ്ടു ഇരിക്കാമല്ലോ എന്ന്.
***

ഞാൻ ബഹറിനിൽ ഉണ്ടായിരുന്നപ്പോൾ, ഗൾഫ് ഡെയിലി ന്യൂസിൽ ഒരു ദേഹം എഴുതിയത് ഓർക്കുന്നു - പുള്ളിക്കാരൻ ഹോട്ടലിൽ കയറി ആറു മസാലദോശകൾ ഒന്നിച്ചു ഓർഡർ ചെയ്യുമത്രേ! (വയറ്റിൽ കോഴിക്കുട്ടികൾ ഉണ്ടോ എന്തോ)! ഒരിക്കൽ അത് ദർശിച്ച ഒരു സർദാർജി ചിരി പാസ്സാക്കിയപ്പോൾ, എഴുന്നേറ്റു ഒന്ന് പൊട്ടിച്ചാലോ എന്ന് നമ്മുടെ എഴുത്തുകാരന് തോന്നിയത്രേ. ഇങ്ങനെ അവഹേളിക്കുകയോ - അല്ലാ പിന്നെ.

***
പഴയ ഒരു ഹിന്ദി സിനിമാനടൻ (വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ആൾ) മൊട്ടത്തലയൻ ഷെട്ടി ഉണ്ടായിരുന്നു. അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയിൽ അദ്ദേഹം താഴ്മയായി മൊഴിഞ്ഞു:
''ഞാൻ താരമൊന്നുമല്ലന്നേ, മസാലദോശക്കു പേരുകേട്ട ഒരു സാധാരണ ഉടുപ്പിക്കാരൻ.''
***

വെളിയിൽ കറങ്ങിനടന്ന ഒരവസരത്തിൽ എന്റെ വാമഭാഗം പറഞ്ഞു - മസാലദോശ തിന്നിട്ടു കുറേ ആയി. ആയിക്കളയാം - ഞാൻ പറഞ്ഞു. കാര്യം സാധിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ, വീട്ടിൽ ഉണ്ടാക്കി. വീട്ടുകാരി പറഞ്ഞു - ഈ സാധനത്തിനല്ലേ നമ്മൾ അന്ന് ...... രൂപ കൊടുത്തത്? വയറു മാനംപോലെ കത്ത്ണൂ. എന്നുപറഞ്ഞാൽ, മനസ്സ് വല്ലാതെ വേദനിക്കുന്നു എന്ന് പാലക്കാടൻ ഭാഷ്യം! ഞാൻ മനസ്സിൽ പറഞ്ഞു - എന്റെ ഭാര്യേ, ഞാൻ അങ്ങനെ പണ്ട് ഹോട്ടലിൽ കൊടുത്ത പൈസയും, സിനിമ കണ്ട പൈസയുമൊക്കെ ഉണ്ടെങ്കിൽ ഇന്നൊരു മണിമാളിക കെ ട്ടാമായിരുന്നു. പക്ഷെ, പറഞ്ഞില്ല. ബോധം പോയാലോ.
***

എന്റെ ഒരു സുഹൃത്ത്, എന്താ കഴിക്കുക എന്ന് ചോദിച്ചപ്പോൾ, പറഞ്ഞു:
മദാലസ ആയിക്കളയാം.
മദാലസയോ?
അതേടോ, ആ വാക്കിനു എന്തൊരു ചന്തം. മസാലദോശ, മസാലദോശ - മനസ്സിലായോ?
***

ഒന്നുരണ്ടു ഫിലിപ്പിനോ സുഹൃത്തുക്കൾക്ക് ഞാൻ മസാലദോശ വാങ്ങിച്ചുകൊടുത്ത് കൃതകൃത്യനായി - അറിയട്ടെ അവർ ഈ സൗത്ത് ഇന്ത്യൻ ഡിഷിന്റെ മഹത്വം. അതിലൊരാൾ പിന്നീട് ഒരു സുഹൃത്തിനോട് പറയുന്ന കേട്ടു - ഞാൻ പുള്ളിക്കാരന് പൊട്ടറ്റോ കറി നിറച്ച കുബൂസ് വാങ്ങിച്ചുകൊടുത്തത്രെ!

2016 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

മങ്ങൽ!



മങ്ങൽ!

സുഗന്ധപുഷ്പങ്ങൾ മണമുതിർക്കുന്നു,
ആ സൗരഭം വായുവിൽ പടരുന്നു;
സജ്ജനങ്ങൾ നല്ലനിലയ്ക്കു പെരുമാറുന്നു,
ആ സ്വഭാവവിശേഷം ലോകരറിയുന്നു;
സുഗന്ധപുഷ്പങ്ങളുടെ സൗരഭത്തിനു
മങ്ങലേല്പിക്കുവാൻ മറ്റു പൂക്കൾക്കാവില്ല;
എന്നാല്‍ സജ്ജനങ്ങളുടെ നല്ല പെരുമാറ്റത്തിന്
മങ്ങലേല്പിക്കുവാൻ മറ്റു മനുഷ്യർക്കാവും!

2016 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

മോചനം!


Blog post no: 446 -

മോചനം!

(മിനിക്കഥ)

തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടുന്ന നല്ലപാതിയെക്കുറിച്ചാലോചിച്ച് അയാൾ വല്ലാതെ വിഷമിച്ചു.  നല്ലഭാഷയിൽ പറഞ്ഞുനോക്കി.  രക്ഷയില്ല.

ഒരു വിവാഹമോചനം?  മാന്യത അതിനനുവദിക്കുന്നില്ല.  ഈ ജീവിതത്തിൽനിന്നുതന്നെയുള്ള മോചനം അഥവാ ആത്മഹത്യ?  വേണ്ട, അത്  ഭീരുത്വമാണ്.  അല്ലാതെ ഇതിൽനിന്നു ഒരു മോചനത്തിന് എന്ത് മാർഗ്ഗം - അയാൾ എന്നും തലപുകഞ്ഞാലോചിക്കും.

ആലോചന കടുത്ത രക്തസമ്മർദ്ധത്തിൽ കൊണ്ടെത്തിച്ചു.  ആയിക്കോട്ടെ..... ഇനി അത് അധികം വൈകാതെ ഹൃദയസ്തംഭനത്തിൽ എത്തിക്കണേ ദൈവമേ.... അയാൾ മനമുരുകി പ്രാർത്‌ഥിച്ചു.

2016 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വാട്ട്സപ്പ് വട

Blog post no: 445 -

വാട്ട്സപ്പ് വട

ഞാൻ വാമഭാഗവുമായി നടക്കാനിറങ്ങി.  വഴിവക്കിൽ വഴിവാണിഭം തകർക്കുന്നു.  വടാപ്പാവും സമോസയും ഒക്കെ വേണമെങ്കിൽ ആകാം.  വഴിയിൽനിന്ന് അങ്ങനെ കഴിക്കാറില്ല.

സംസാരം വടകളെക്കുറിച്ചായി.  പൊട്ടറ്റോ വട, ഉഴുന്നു വട.... ഉഴുന്നിനു വില കൂടിയപ്പോൾ ഉഴുന്നുവടക്കും വില കൂടി.   അപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു:

''നിനക്ക്   വാട്ട്സപ്പ് വട വേണോ?''

വാട്ട്സപ്പ് വടയോ?

അതെ, ഞാൻ കാണിച്ചുതരാം.

നടന്നു നടന്നു കുറെ ദൂരം എത്തിയപ്പോൾ വഴിവക്കിൽ ഒരു ''ചായക്കട''. അതിന്റെ പേര് ഇങ്ങനെ:

വാട്ട്സപ്പ് വട.    പുറമെനിന്ന്, പൊട്ടറ്റോ വട, പാവ് (മഹാരാഷ്ട്രിയൻ ബ്രെഡ്) എന്നിവയൊക്കെ കാണാം.

അതെ, കാലത്തിനു അനുസരിച്ചു കോലം.  ഇത്  വാട്ട്സപ്പിന്റെ കാലം.

2016 ജൂലൈ 31, ഞായറാഴ്‌ച

അധികപ്രസംഗവും അതിസാരവും


Blog Post no: 444-

അധികപ്രസംഗവും അതിസാരവും 


മൗനം നമുക്കാവശ്യ,മെങ്കിലോ

അതിമൗനം അനാവശ്യംതാൻ;

സംസാരം ആവശ്യ,മെങ്കിലോ

അതിസംസാരം അതിസാരംപോലെതാൻ!

അതിസാരത്തി,നൗഷധമുണ്ടെന്നാലും

ഭക്ഷണക്രമം പ്രധാനംതാൻ.

വാരിവലിച്ചു ഭക്ഷിക്കുന്നോർ-

ക്കതിസാരം ഭേദമാവില്ലതന്നെ. 

2016 ജൂലൈ 25, തിങ്കളാഴ്‌ച

മൊഹബത് സുലൈമാനി


Blog post no: 443 -


മൊഹബത് സുലൈമാനി 




ആവശ്യമുള്ളവ:

സാഹചര്യവെള്ളം, വിശ്വാസചായ, പ്രണയമധുരം.


ഉണ്ടാക്കുന്ന വിധം:

വളരെ എളുപ്പം; അല്പം ശ്രദ്ധിക്കണമെന്നുമാത്രം.
സാഹചര്യവെള്ളം തിളച്ചാൽ, ഒരല്പം വിശ്വാസചായ ഇടുക.  അത് ഒരു ഗ്ളാസ്സിലേക്കു പകരുക.
പിന്നീട്, ഒരു ഒന്ന് - ഒന്നര ടീസ്പൂൺ പ്രണയമധുരം ചേർത്ത് ഇളക്കുക.
ഒന്നാംതരം മൊഹബത് സുലൈമാനി റെഡി.

(പ്രചോദനം : Oru Suhruthu )

2016 ജൂലൈ 19, ചൊവ്വാഴ്ച

ഗ്രാമീണ വായനശാല

Block post no: 442 -


ഗ്രാമീണ വായനശാല 

ഗ്രാമീണ വായനശാലയുടെ ആവശ്യം നാം പണ്ടേ, അതായത് പഠിച്ചിരുന്ന കാലത്ത്, സ്‌കൂളിൽ പഠിച്ചിരുന്നു.  ഇന്ന് അതിന്റെ ആവശ്യം അല്ല അത്യാവശ്യം വന്നുചേർന്നിരിക്കുന്നു!  കാരണം, ഇന്നത്തെ തലമുറക്ക് പ്രത്യേകിച്ചു് വായനാശീലം കുറവ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.  കംപ്യുട്ടർ ഗെയിംസിന്റെ കാര്യത്തിലോ, ഫേസ്ബുക്ക്, വാട്ട്സപ്പ് മുതലായവയുടെ കാര്യങ്ങളിലോ അങ്ങനെ ആകാൻ വഴിയില്ല.  എന്നാൽ, വായനയുടെ കുറവ് അവരുടെ വ്യക്തിത്വത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം.

ഓരോ ഗ്രാമത്തിലും വായനശാലകൾ ആവശ്യംതന്നെ.  നമ്മുടെ ഭാഷയിലും, ആഗോളഭാഷയിലുമുള്ള പുസ്തകങ്ങൾ വായിക്കണം.

“വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും. ” —കുഞ്ഞുണ്ണിമാഷിന്റെ കവിത ഇത്തരുണത്തിൽ വളരെ വളരെ അർത്ഥവത്തതായി തോന്നുന്നു.

സാക്ഷരകേരളത്തിലെ - പട്ടണങ്ങളിലെ, ഗ്രാമങ്ങളിലെ ജനസമൂഹം ഇത് ഗൗരവമായി എടുത്തില്ല എങ്കിൽ ഈ തലമുറയോടും, അടുത്ത തലമുറകളോടും ചെയ്യുന്ന ക്രൂരതയാണ് എന്ന് ഓരോ പട്ടണ-ഗ്രാമവാസിയും മനസ്സിലാക്കുക, അതിനനുസരിച്ചു പ്രവർത്തിക്കുക എന്നതേ കരണീയമായ മാർഗ്ഗമുള്ളൂ.

ഒരിക്കൽകൂടി - വികസനങ്ങൾ എന്തെല്ലാം ഉണ്ടായാലും, വായനശാല ഇല്ലാത്ത ഗ്രാമം - അതിനു ശ്രമിക്കാത്ത ഗ്രാമവാസികൾക്ക് ചിന്താശീലവും, പ്രവർത്തനശീലവുമില്ല, അവർ നാടിന്റെ, ഗ്രാമത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ല എന്നുപറഞ്ഞാൽ അതൊരു അതിശയോക്തിയാവില്ലതന്നെ.

2016 ജൂലൈ 5, ചൊവ്വാഴ്ച

പൂജക്കെടുക്കാത്ത പൂവുകൾ


Blog post no: 441 -

പൂജക്കെടുക്കാത്ത പൂവുകൾ

പൂജക്കെടുക്കാത്ത പൂക്കളെ
വെറുക്കേണ്ട കാര്യമില്ല;
പൂജക്കെടുക്കാത്തതിന് കാരണം
എന്തെങ്കിലും ഉണ്ടായിരിക്കാം.
എന്നാൽ, ആ കാരണം ഒരുപക്ഷേ
പൂക്കളുടെ കുറ്റംകൊണ്ടാവില്ല.
ആയതുകൊണ്ട്, ആവുമെങ്കിൽ
ആ പൂക്കളെ വേറെ എന്തെങ്കിലും
കാര്യത്തിന് ഉപയോഗിക്കാം.
അപ്പോൾ, പൂക്കൾക്ക് കിട്ടിയ ആ
ശാപത്തിൽനിന്നു മോചനം
കിട്ടുന്നതോടൊപ്പം അങ്ങനെ
ചിന്തിച്ചു പ്രവർത്തിച്ച
ആൾക്ക് പുണ്യവും കിട്ടുന്നു!