2016 മേയ് 25, ബുധനാഴ്‌ച

അഭിപ്രായം


Blog post no: 436 -

അഭിപ്രായം 

(സ്കിറ്റ്)


നവവധു (ആഹാരം കഴിക്കുന്ന ഭർത്താവിനോട്):

എങ്ങനെയുണ്ട് എന്റെ പാചകം?

ഭർത്താവ്:  എന്റെ അഭിപ്രായം വേണം അല്ലെ? തുറന്ന അഭിപ്രായം വേണോ?

ഭാര്യ:  വേണം.

ഭർത്താവ്:  പറയാം.  പക്ഷെ, പിണങ്ങരുത്.

ഭാര്യ:  ഇല്ല.

ഭർത്താവ്: എന്നാൽ പറയാം. പണ്ട് എന്റെ മുത്തച്ഛൻ മുത്തശ്ശിയോട് പാടിപ്പറഞ്ഞ അതേ അഭിപ്രായം -

ഉപ്പേരിയും നിന്റെ ചോറുമെടുത്തങ്ങ്

കുപ്പയിൽ കൊട്ടണമെന്നേ തോന്നൂ.''


ഭാര്യ:  (ഭാവം മാറുന്നു. കരച്ചിലിന്റെ വക്കിലെത്തുന്നു.)

ഭർത്താവ്:  അയ്യോ, എന്റെ പൊന്നേ, ഞാൻ വെറുതേ പറഞ്ഞതല്ലേ. അസ്സലായിട്ടുണ്ട്.

ഭാര്യ:  സത്യം?

ഭർത്താവ്:  (ആദ്യം സ്വന്തം തലയിൽ, പിന്നെ ഭാര്യയുടെ തലയിൽ കൈവെച്ചുകൊണ്ട്)  ഇതാ എന്നാണെ, നിന്നാണെ സത്യം, സത്യം, സത്യം.

ഭാര്യ: (ചിരി പൊട്ടുന്നു)

ഭർത്താവ് (മനോഗതം)  വരട്ടെ, വരട്ടെ. ഇനിയും സമയം കിടക്കുന്നു.   

2016 മേയ് 16, തിങ്കളാഴ്‌ച

പൊറാട്ടുനാടകവും രാഷ്ട്രീയവും.

Blog post no: 435 -
പൊറാട്ടുനാടകവും രാഷ്ട്രീയവും. 

''പോലല ലല്ലീലേ പോലാ ലല്ലീ ലേ.......''

മകളുടെ വീട്ടിന്റെ പാലുകാച്ചൽ ചടങ്ങു കഴിഞ്ഞ്, നെന്മാറയിൽ എത്തിയപ്പോൾ standനു മുന്പിലുള്ള ഗ്രൗണ്ടിൽ പൊറാട്ടു നാടകം കളിക്കുന്നു. ''സുന്ദരികൾ'' ആയ സ്ത്രീ വേഷങ്ങൾ അരങ്ങു തകർക്കുന്നു. കുറച്ചു കണ്ടുകളയാം.   വർഷങ്ങൾക്കു മുമ്പ് കണ്ടതാണ്.
അച്ചുമാമൻ വരുന്നു. LDFനു വേണ്ടിയുള്ള പ്രചരണം.
പൊറാട്ടുനാടകത്തിനു പാലക്കാടിന്റെ അനുഷ്ഠാനകലയായ കണ്യാർകളിയുമായി ബന്ധമുണ്ടെന്നു തോന്നി.  എന്നാൽ, കണ്യാർകളി പന്തലിൽ വട്ടത്തിൽ കളിക്കുന്നു.  പൊറാട്ടുകളി സ്റ്റേജിൽ നിന്ന സ്ഥലത്തുതന്നെ കളിക്കുന്നു.  കണ്യാർകളിക്കുള്ള ചുവടുകൾ പൊറാട്ടുകളിക്ക് ഇല്ല.  പൊറാട്ടുകളിയിൽ  ശൃംഗാരം കൂടുതൽ ഉണ്ടാകും. വേറെയും പല വ്യത്യാസങ്ങളും ഉണ്ട്.

പൊറാട്ടു നാടകം ഇവിടെ ''രാഷ്ട്രീയ''വല്ക്കരിച്ചിരിക്കുന്നു. അച്ചുമാമന്റെ സൽഭരണം, പിന്നീടുവന്ന ദുർഭരണം......

കുറച്ചുനേരം കണ്ടു.  അച്ചുമാമൻ എത്തുന്നതേയുള്ളൂ.  വേറെ പരിപാടി ഉണ്ടായിരിന്നതുകൊണ്ട്  ഞങ്ങൾ സ്ഥലം വിട്ടു.

ഇനിയൊരിക്കൽ കൊടുവായൂർ പോയപ്പോൾ അതാ:

 ''പോലല ലല്ലീലേ പോലാ ലല്ലീ ലേ.......''

കാറിൽ പ്രചരണം.  അല്ലാ, ഇത്തവണ UDFനു വേണ്ടിയാണല്ലോ.  വഴിയെ BJP ക്ക് വേണ്ടിയും ഉണ്ടാകുമോ.

പണ്ട് എന്റെ ബന്ധത്തിൽപ്പെട്ട ഒരു പെൺകുട്ടിയോട് പരീക്ഷക്ക്‌ എത്ര മാർക്കു കിട്ടി എന്നു ചോദിച്ചാൽ പറയുമായിരുന്നു - കുറഞ്ഞ മാർക്കു കിട്ടിയ രണ്ടുപേരുടെ മാർക്കുകൾ ആദ്യം.  പിന്നെ തന്റേത്.  അതുപോലെ, മൂന്നു മുന്നണികളും ആദ്യം മറ്റു രണ്ടു മുന്നണികളുടെ സ്വഭാവ വിശേഷങ്ങൾ വിവരിക്കുന്നു. പിന്നെ....

നടക്കട്ടെ.  നമുക്ക് എല്ലാം കേൾക്കാം. 

2016 ഏപ്രിൽ 20, ബുധനാഴ്‌ച

സന്ധ്യ

Blog post no: 434

സന്ധ്യ 


അല്പമകലെയുള്ളയാ കുന്നിന്ചെരുവിലേ-

ക്കോടിക്കയറട്ടെ ഞാൻ സൂര്യനെത്തലോടാൻ!

കാറ്റത്തിളകിയാടുന്ന ആലിലകൾതൻ സ്വര-

മൊന്നു ശ്രവിക്കട്ടേ ഞാനീ സുന്ദര സന്ധ്യയിൽ.

''മാനത്തുനിന്നും മഴവില്ലു കാൺകെ മനസ്സു

മേലോട്ടു കുതിക്കുന്നുമേ''യെന്നു പാടിയ

കവിയുടേതുപോലൊരു മനമാണെനിക്കും  -

നിഷ്ക്കളങ്കനായ്  പ്രകൃതിമാതാവിൻ മുമ്പിൽ!

2016 ഏപ്രിൽ 7, വ്യാഴാഴ്‌ച

രസവും നീരസവും

Blog post no: 433 -

രസവും നീരസവും
(മിനിക്കഥ)

അവസാനത്തെ പന്തിയാണെങ്കിലും വിഭവങ്ങളൊന്നും തീർന്നിട്ടില്ലയെന്നു തോന്നുന്നു.

''രസത്തിനു ചോറ് വേണോ?''

''ആയിക്കോട്ടെ.'' അയാൾ ചോറു വാങ്ങി, രസത്തിനായി കാത്തിരുന്നു.

കുറച്ചുനേരത്തിനു ശേഷം ഒരാൾ അറിയിച്ചു:

''സോറി ട്ടോ, രസം കഴിഞ്ഞിരിക്ക്ണു.''

അയാൾ, നീരസത്തോടെ ഇല മടക്കിവെച്ച് എഴുന്നേറ്റു.

2016 മാർച്ച് 24, വ്യാഴാഴ്‌ച

അപ്പുവും അപ്പൂപ്പനും


Blog post No: 432 -

അപ്പുവും അപ്പൂപ്പനും

(ബാല സാഹിത്യം)


അപ്പു, അപ്പൂപ്പന്റെ കയ്യിൽപ്പിടിച്ചു നടന്നു. നടക്കുന്നതിനിടയിൽ അപ്പൂപ്പനോട്‌ എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു. അപ്പൂപ്പൻ അതിനു ഉചിതമായ മറുപടികൾതന്നെ കൊടുത്തു.

''അപ്പൂപ്പാ, ഞാൻ ഇനി കുറച്ചുദൂരം തന്നേ നടക്കട്ടെ?''

അപ്പൂപ്പൻ മനസ്സല്ലാ മനസ്സോടെ സമ്മതിച്ചു. ''സൂക്ഷിച്ചു നടക്കണം'', ഒരു മുന്നറിയിപ്പ് കൊടുക്കാനും മറന്നില്ല.

''ശരി''. അപ്പു ഉത്സാഹത്തോടെ നടന്നു. ഒരു കൊച്ചു കുന്നു കയറി. പുറകിൽ അപ്പൂപ്പനും. അപ്പു സന്തോഷം കൊണ്ട് തുള്ളിച്ചാടി.

കുന്നിറങ്ങി കുറെ കഴിഞ്ഞപ്പോൾ അപ്പു ഒരു കുഴിയിൽ അറിയാതെ കാൽ വെച്ചു. പാവം വീണു കരയാൻ തുടങ്ങി. അപ്പൂപ്പൻ സമാധാനിപ്പിച്ചു. എന്നിട്ട്, അപ്പുവിന്റെ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കിക്കൊണ്ട് ഒരു ഉപദേശവും കൊടുത്തു:

നമ്മുടെ ജീവിതവും ഇതുപോലെ ആണ്. കുന്നും കുഴിയും നിറഞ്ഞത്. കുന്നു കയറുമ്പോൾ സന്തോഷിക്കുന്ന നാം, കുഴിയിൽ വീഴുമ്പോൾ ദു:ഖിക്കുന്നു. കുഴിയിൽ വീഴാതെ ശ്രദ്ധിക്കുക. വീണാൽ, ദുഖിക്കാതെ, സ്വയം ആശ്വസിക്കാൻ നോക്കുക.

''മനസ്സിലായോ?'' അപ്പൂപ്പൻ അപ്പുവിനോട് ചോദിച്ചു.

''ഉവ്വ്'' അപ്പു കരച്ചിനിടയിൽ ചിരിക്കാൻ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു. വീണ്ടും അപ്പൂപ്പന്റെ കൈ പിടിച്ചു നടന്നു.

2016 മാർച്ച് 21, തിങ്കളാഴ്‌ച

സമാധാനം!


Blog-post No: 431-

സമാധാനം!

സമാധാനമെവിടെയെന്നു തിര-

ക്കുന്നു ഞാൻ കാലങ്ങളായ്;

സമാധാനമൊട്ടുമേ കണ്ടില്ല ഞാ-

നൊരിക്കലു,മെവിടെയുമിന്നേവരെ !

പെട്ടെന്നൊരിക്കലുദിച്ചുയെൻ 

ചിന്തയിലൊരു പുത്തൻ വെളിച്ചം -

സമാധാനത്തോടെ വീക്ഷിക്കണം,

ചിന്തിക്കണം, വർത്തിക്കണ-

മെങ്കിൽ നീയനുഭവിക്കും.... 

യുഗയുഗങ്ങളായ് തിരക്കുന്ന 

നിന്നുള്ളിൽത്തന്നെയുള്ളയീ

സർവ്വവ്യാപിയാം സമാധാനം!

2016 മാർച്ച് 12, ശനിയാഴ്‌ച

ഞങ്ങളുടെ വഴക്കു തീർന്നു!


Blog Post No: 430 -

ഞങ്ങളുടെ വഴക്കു തീർന്നു!

(മിനിക്കഥ)


അവൾ കാലു മാറി, മാസങ്ങളോ വർഷങ്ങളോ ആയി ''അടുത്ത്'' പെരുമാറി, മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചശേഷം!

ദിവസങ്ങൾ കഴിഞ്ഞു. അവനു ഭൂതോദയം ഉണ്ടായി. തനിക്ക് എവിടെയാണ് തെറ്റു പറ്റിയത്? ശരിക്കും ഒരു ''പോസ്റ്റ്‌മോര്ട്ടെം'' നടത്തി. അനന്തരം അതുപ്രകാരം ''ആ ക് ഷ ൻ'' എടുത്തു. എല്ലാം ശുഭം! അവൻ ഉള്ളുതുറന്നു ചിരിച്ചു.

അവൾക്കെഴുതുകതന്നെ ചെയ്തു - ഞങ്ങൾ ഭാര്യാഭര്ത്താക്കന്മാരുടെ വഴക്കു തീർന്നു കേട്ടോ. പ്രേമ, കാമ വികാരങ്ങളിൽ, ചെയ്തികളിൽ ഉത്സുകരായി സന്തോഷത്തോടെ ജീവിക്കുന്നു. നീ തന്ന ഉർവശിശാപത്തിൽ വിഷമം തോന്നിയിരുന്നുവെങ്കിലും അതൊരു ഉപകാരമായി ഭവിച്ചിരിക്കുന്നു. നന്ദി, നന്ദി.

2016 മാർച്ച് 7, തിങ്കളാഴ്‌ച

ഇന്നു മഹാശിവരാത്രി.


Blog post no: 429 -

ഇന്നു മഹാശിവരാത്രി.


പണ്ട് ശിവരാത്രിക്ക് എല്ലാവരും രാത്രി ഉറക്കം കളഞ്ഞ് പല വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നത് ഓര്മ്മവരുന്നു. അതിൽ പ്രധാനം തവിട്ടുക്കുറി.

കുറെ തവിട് കൊണ്ടുവന്നു വെക്കും. ഓരോരുത്തരും ഒരു നിശ്ചിത നാണയം മുടക്കും. അഞ്ചു പൈസ, പത്ത് പൈസ..... അതൊക്കെ തവിട്ടിൽ നല്ലപോലെ കലര്ത്തി എത്ര ആളുകൾ ഉണ്ടോ അത്ര ഭാഗങ്ങൾ ആക്കി വിഭജിക്കും. ഓരോ തവിട്ടുക്കൂനയിലും കളിക്കാരുടെ പേരുകൾ എഴുതിയ തുണ്ടുകടലാസ് കുലുക്കിഎടുത്തശേഷം വെക്കും. തവിട് നല്ലപോലെ തിരഞ്ഞ് അതിൽനിന്നു കിട്ടുന്ന നാണയം / നാണയങ്ങൾ അയാൾക്ക്‌ സ്വന്തം. ചിലപ്പോൾ ഒന്നുമുണ്ടാവില്ല. ചിലര്ക്ക് നല്ലപോലെ കിട്ടും. കളി തുടരും. ചിലര് പാപ്പരാകും. ചിലര് ''കടം'' വാങ്ങിച്ചത് കൊടുക്കാൻ ആവാതെ ചമ്മും. ചിലര് ''ചില്ലറപ്പണക്കാർ'' ആകും. മിക്കവാറും തറവാട്ടിലുള്ള എല്ലാവരും പങ്കെടുക്കും. ബന്ധുക്കളും അയല്പക്കക്കാരും ഉണ്ടാകും.

അങ്ങനെയും ഒരു കാലം.

2016 ഫെബ്രുവരി 28, ഞായറാഴ്‌ച


Blog post no: 428 -
പുതിയ കുസൃതികൾ

(ഒരു കുസൃതിമാളു പരമ്പര)

സമാധാനം -

മാളുവിന്റെ അമ്മ, അമ്മമ്മയുടെയും മുത്തച്ഛന്റെയുംകൂടെ രണ്ടു ദിവസം താമസിച്ചു തിരിച്ചു വന്നു.  മാളുവിന്റെ വികൃതികൾ കണ്ട്, പറഞ്ഞു:

ഓ, രണ്ടു ദിവസം എനിക്ക് നല്ല സമാധാനം ആയിരിന്നു.

മാളു:  എനിക്കും.

***

പ്രസംഗം -

ഇനിയൊരിക്കൽ മാളു, അമ്മമ്മ-മുത്തച്ഛന്റെ വീട്ടിൽ.  അല്പം വൈകി സായാന്ഹസവാരിക്കിറങ്ങിയ അമ്മമ്മ ടോര്ച്ച് എവിടെ എന്ന് തിരഞ്ഞു.  അതാ, മാളു ടോര്ച്ച് കയ്യിൽ പിടിച്ചു, മൈക്കാക്കി കണ്ണാടിയുടെ മുമ്പിൽനിന്നു പ്രസംഗം  പൊടിപൊടിക്കുന്നു.

***

ബന്ധങ്ങൾ -

''ഈ ആൾ, ആ ആളുടെ ആരാണ്?'' ചില അടുത്ത ബന്ധുക്കളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മമ്മ മാളുവിനോട്.

മാളു കൃത്യമായി ഉത്തരം പറഞ്ഞു.

അടുത്തതായി ചില അകന്ന ബന്ധുക്കളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു.  മാളു  അത് ആകെ ''കൊളം'' ആക്കി.  (കാരണം, ആദ്യത്തെ കൂട്ടർ തറവാട്ടിനുള്ളിൽ/കുടുംബത്തിനുള്ളിൽത്തന്നെ വീണ്ടും ബന്ധുക്കൾ ആയവർ ആണ്.   അത് ഉദാഹരണമാക്കി തട്ടിവിട്ടതാണ്.)

2016 ഫെബ്രുവരി 21, ഞായറാഴ്‌ച

ഇഞ്ചി കടിക്കുന്നവർ!


Blog-post No: 427 -

ഇഞ്ചി കടിക്കുന്നവർ!

(ചിന്താവിഷയം)

''ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ'' എന്നൊരു പറച്ചിൽ ഉണ്ട്. 
smile emoticon
മുന്കോപം എന്ന വാക്കിനു ഇഞ്ചി എന്നൊരു പ്രയോഗം ഗ്രാമ്യഭാഷയിൽ ഉണ്ട്. അപ്പോൾ, നമ്മുടെ ഇടയിൾ, ഒരുപക്ഷെ നാംതന്നെ, പലപ്പോഴും ''ഇഞ്ചി'' ഉള്ളവർ ആണ്. ഇഞ്ചി ആരോഗ്യത്തിനു നല്ലതുതന്നെ. എന്നാൽ, ഇവിടെ, ആലോചിചിച്ചു നോക്കാം - ഇഞ്ചി കടിക്കേണ്ട വല്ല കാര്യവും ഉണ്ടോ? അവനവനു ബുദ്ധിമുട്ട്, മറ്റുള്ളവര്ക്ക് ശല്യം.....
ആയതുകൊണ്ട്, ഇഞ്ചി കൈവശം ഉണ്ടെങ്കിൽ, നമുക്കത് മാറ്റിവെക്കാം; കടിക്കേണ്ട, എന്താ? അല്ലെങ്കിലോ? മറ്റുളളവർ നമ്മെപ്പിടിച്ചു കടിച്ചുകളഞ്ഞു എന്ന് വരും കേട്ടോ. :) 

- o0o - 
smile emoticon