അമ്മുത്തായ് (അനുഭവ കഥ)
"പണത്തിനു മീതെ പരുന്തും പറക്കില്ല" എന്നൊരു ചൊല്ലുണ്ടല്ലോ. എന്നാല്‍, കാപട്യം
നിറഞ്ഞ ഈ ജീവിതത്തിലും, പണം കൊടുത്താല്‍ കിട്ടാത്ത ചിലത്
ഉണ്ടെന്നു തോന്നുന്നില്ലേ? സംസ്ക്കാരം,
പാരമ്പര്യം, തറവാടിത്തം, ആത്മാര്‍ത്ഥമായ
സ്നേഹം മുതലായവയൊക്കെ അതില്‍ പെടും.
വര്‍ഷങ്ങളായുള്ള പ്രവാസജീവിതത്തില്‍, വല്ലപ്പോഴും
നാട്ടില്‍ പോകുമ്പോള്‍ പ്രത്യേകിച്ച്, ഈ കാര്യങ്ങള്‍
ബോധ്യപ്പെട്ടിട്ടുണ്ട്.
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ പോയപ്പോള്‍, അമ്മ
ഒരിക്കല്‍ പറഞ്ഞു:
"ആ
അമ്മുത്തായ്നെ ഒന്നുപോയ്
കാണ് ട്ടോ. വയ്യാ തള്ളക്ക്. നെന്നെ എപ്പഴും ചോയ്ക്കും."
അമ്മുത്തായ് - എന്റെ മനസ്സില്‍ ആ രൂപം തെളിഞ്ഞു. ഇരുനിറം. അധികം
നിറമില്ലാത്ത,
എന്നാല്‍ മുഷിഞ്ഞതല്ലാത്ത മുണ്ട്. തോളില്‍ ഒരു തോര്‍ത്തുമുണ്ട്
മാത്രം. നാട്ടിന്‍പുറങ്ങളിലെ പണ്ടത്തെ ചായക്കടകളില്‍ ചായ ഉണ്ടാക്കാന്‍
ഉപയോഗിച്ചിരുന്ന അല്‍പ്പം നീളമുള്ള ചായസഞ്ചികളെ ഓര്‍മ്മിപ്പിക്കുമാറ് തൂങ്ങിക്കിടക്കുന്ന
മാറിടം. 'റ' എന്നക്ഷരം തലതിരിച്ചെഴുതി അതിന്റെ
രണ്ടറ്റങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചാല്‍ എങ്ങിനെ ഇരിക്കും - അങ്ങിനെ കാണപ്പെടുന്ന
കാതുകള്‍. മുറുക്കിച്ചുവപ്പിച്ച, അവശേഷിച്ച ഏതാനും പല്ലുകള്‍
വെളിയില്‍ കാണത്തക്കവിധമുള്ള ചിരി. ഇത്രയും ആയാല്‍ അമ്മുത്തായ് അമ്മൂമ്മയായി.
പണ്ട്, മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഒക്കെ
കാലത്തുള്ള പണിക്കാരില്‍ ഒരാള്‍ ആണെന്ന് തോന്നുന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും
ഞാന്‍ കണ്ടിട്ടില്ല. അവര്‍, ഞാന്‍ ജനിക്കുന്നതിനു
മുമ്പുതന്നെ, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ 'ചാത്തൂര്‍'ക്ക് പോയിക്കഴിഞ്ഞിരുന്നു. അമ്മുത്തായ്
എന്നെങ്കിലുമൊക്കെ തറവാട്ടിലേക്ക് വരും - ആ സ്നേഹം എന്നും കാത്തുസൂക്ഷിച്ചുകൊണ്ട്.
ഒരിക്കല്‍, മേമയുടെ (ചെറിയമ്മയുടെ) മകന്‍ പറഞ്ഞു:
"അമ്മേ, അതാ അമ്മാ തായേ വരുണൂ." (അമ്മുത്തായ്നെ
കളിയാക്കിയതാണ്.) അതുകേട്ടുംകൊണ്ട് വരുന്ന അമ്മുത്തായ് ചിരിച്ചുകൊണ്ട് പറഞ്ഞു:
"പോടാ തൂമക്കണ്ണാ” (ചീത്ത
വിളിക്കുകയാണ് എന്നാണ് വെപ്പ്. എന്നാല്‍ തൂമ എന്ന വാക്കിന്റെ അര്‍ത്ഥം ഭംഗി
എന്നാണല്ലോ. അപ്പോള്‍, തൂ മ ക്ക ണ്ണ ന്‍ എന്ന് പറഞ്ഞാല്‍,താമരക്കണ്ണന്‍ എന്നൊക്കെ വിളിക്കുമ്പോലെതന്നെയാണ്. അത് അറിഞ്ഞിട്ടോ അതോ
അറിയാതെയോ, അമ്മുത്തായ് പറഞ്ഞത് അങ്ങിനെയാണ്!)
ഒരിക്കല്‍, ഞാന്‍ കളത്തിലേക്ക് (കറ്റക്കളം)
പോകുമ്പോള്‍, വഴിയില്‍വെച്ച് കേട്ടു:
"ഒവടക്കാണ് മകനേ?" - ചിരിച്ചുകൊണ്ട്
അമ്മുത്തായ് ചോദിക്കുന്നു.
"കളത്തില്ക്ക്."
"ഈ വഴ്യെണ് കിട്ട്യേത്? വരമ്പിന്റെ
വക്കിലൊക്കെ അയ്യപ്പിള്ളേര് വൃത്തികേടാക്കീട്ടിണ്ട്."
"സാരൂല്യാ, ഞാന്‍
നോക്കിപ്പൊക്കോളാ."
''ന്റെ മകന്റെ ചെറുമിക്കുട്ടി പ്പഴും കണ്ണി ലിരിക്ക്ണൂ ട്ടാ.'' '
ഞാന്‍ ചിരിച്ചു. ** കണ്യാര്‍ കളിയില്‍ ഞാന്‍ അവതരിപ്പിച്ച കാളി എന്ന ചെറുമിപ്പെണ്ണിനെയാണ് അമ്മുത്തായ് സൂചിപ്പിചത്.
പാടവരമ്പുകളില്‍ക്കൂടിയുള്ള ആ വഴി ഒരു എളുപ്പവഴി ആണ്.
മാത്രമല്ല,
പ്രഭാതത്തിലെ അരുണകിരണങ്ങളേറ്റ് ശോഭിക്കുന്ന പ്രകൃതിഭംഗി
ആസ്വദിച്ചുകൊണ്ട്, മൂളിപ്പാട്ടും പാടിക്കൊണ്ടുള്ള ആ നടപ്പ്
- എന്തൊരു രസം. മൂളിപ്പാട്ട് ആരും ഇല്ലാത്ത സ്ഥലത്തെത്തുമ്പോള്‍ അല്‍പ്പം ഉറക്കെത്തന്നെ
ആകും! സംഗീതജ്ഞരായി കൂട്ടിനു കിളികളും തവളകളും ഒക്കെ ഉണ്ടാകും. ഇതാണ് ഞാന്‍
പറഞ്ഞത് - ഈ അനുഭൂതികളും ഒരിക്കലും എവിടെനിന്നും വാങ്ങാനോ കടമെടുക്കാനോ
പറ്റുന്നവയല്ലല്ലോ.
ഓര്‍മ്മകള്‍ അങ്ങിനെ ഓരോന്നായി വന്നു. ഞാന്‍ അമ്മ
പറഞ്ഞപ്രകാരം,
അമ്മുതായ്നെ ചെന്ന് കണ്ടു. അല്‍പ്പം വേച്ചുവേച്ചുകൊണ്ട്, വടി കുത്തിക്കൊണ്ടു വരുന്നു. കാറ്റത്ത് ഉലയുന്ന തിരിനാളം പോലെ. ആദ്യം
എന്നെ മനസ്സിലായില്ല എന്ന് തോന്നി. ഞാന്‍ പേര് പറഞ്ഞു. ആ കണ്ണുകള്‍ തിളങ്ങി.
ആരപ്പാ ഇത്? അപ്പ്ടി അച്ഛനെപ്പോലെ ഇരിക്കുണൂട്ടാ.
ഇരിക്കീ,
* മൂത്താരൂട്ടീ."
കുറച്ചുനേരം അവിടെ ഇരുന്നു വര്‍ത്തമാനം പറഞ്ഞു, ഇറങ്ങുന്നതിനു മുമ്പ്, ഞാന്‍
പോക്കറ്റില്‍ കരുതിയിരുന്ന കുറച്ചു രൂപ ഏല്‍പ്പിച്ചപ്പോള്‍, അമ്മുത്തായ്
അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഞാന്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ചു. "നാന്‍ ഇതിനോന്നുല്ലപ്പ എന്റെ മക്കളെ കാണണംന്നു അമ്മനോട് പറഞ്ഞത്.”
ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം അമ്മുത്തായ് പറഞ്ഞു:
"എവിടെന്കിലുക്കെ പോയി നന്നായിരിക്കീ."
അമ്മുത്തായ് – മറക്കാത്ത പേര് - മറക്കാത്ത രൂപം. അതെ, ഇവിടെ മനുഷ്യര്‍ എന്തെല്ലാം കാട്ടിക്കൂട്ടുന്നു.
അക്ഷരാഭ്യാസം പോലും ഇല്ലാത്ത, പഴയ തലമുറയില്‍ പെട്ടവര്‍,
സ്നേഹം മാത്രം കൈമുതല്‍ ഉണ്ടായിരുന്നവര്‍ - ആദ്യം പറഞ്ഞവര്‍ രണ്ടാമത്തെ
കൂട്ടരില്‍ നിന്നും ഒരുപാട് മനസ്സിലാക്കാന്‍ ഉണ്ട് എന്ന് എനിക്ക് തോന്നി.
ഇതൊക്കെ എഴുതുമ്പോഴും, അമ്മുത്തായ് അമ്മൂമ്മയുടെ
രൂപവും, ചിരിച്ചുകൊണ്ടുള്ള ആ മുഖവും മനസ്സില്‍ നിറഞ്ഞിരിക്കുന്നു.
* മൂത്താരൂട്ടി = മൂത്ത നായര്‍ കുട്ടി എന്ന ബഹുമാനസൂചകമായ ഒരു പഴയ പാലക്കാടന്‍ ഉള്‍നാടന്‍ പ്രയോഗം. മൂത്താര് = മൂത്ത നായര്‍.
**കണ്യാര്‍ കളി = പാലക്കാട്ട് ജില്ലയില്‍ പല ദേശങ്ങളിലും വര്‍ഷംതോറും നടത്തിവരുന്ന പുരാതനമായ ഒരു അനുഷ്ടാന ക്ഷേത്ര കല. എന്റെ ''കണ്യാര്‍ കളി'' എന്ന ബ്ലോഗ് വായിക്കുക.
-
o0o -
ഇത്തരം നന്മകളൊക്കെ നാട്ടുമ്പുറങ്ങളിൽ മാത്രമവശേഷിക്കുന്നു. ഇനിയും കുറച്ച് കഴിഞ്ഞാൽ നമ്മുക്കത് കഥകളിൽ മാത്രം വായിക്കാം.
മറുപടിഇല്ലാതാക്കൂ@Cheeraamulaku:ബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി. അതെ. നന്മകള്‍/നല്ലയാളുകള്‍ ഓരോന്നായി നമുക്ക് അന്യമാവാന്‍/അന്യരാവാന്‍ തുടങ്ങിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂകുറച്ചു നാള്‍ മുന്‍പുവരെ എന്റെ ഗ്രാമത്തിലും ഇതുപോലെ പരിചയം ഉള്ള ചിലരുണ്ടായിരുന്നു.
മറുപടിഇല്ലാതാക്കൂഓരോ തവണ നാട്ടിലെത്തുമ്പോഴും ഇവരെയൊക്കെ പോയി കാണുമായിരുന്നു.
ഇപ്പോള്‍ അവരൊക്കെ ഓരോരുത്തരായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു!!
അമ്മുത്തായ് വായിക്കുമ്പോള്‍ ഇവരില്‍ പലരും ഓര്‍മ്മയില്‍ ഓടിയെത്തി!!
ആശംസകള്‍!!
@Mohan: ബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം, നന്ദി. അതെ, ഇതൊക്കെ പലര്‍ക്കും അനുഭവം ഉള്ള കാര്യങ്ങള്തന്നെയാണ്. കാലം മാറിയതോടുകൂടി നല്ലവരും, നല്ല കാര്യങ്ങളും നമ്മോടു വിടപറയുകയാണോ എന്നത് ചിന്തനീയം.
മറുപടിഇല്ലാതാക്കൂഅമ്മുത്തായ് ഓര്‍മ ഹൃദ്യമായി.ഇത്തരം സൌഹൃദങ്ങള്‍ക്ക് വെള്ളം നനക്കാനുള്ള ഒരു മനസ്സ് കൈമോശം വന്നിട്ടില്ല എന്ന കാര്യം ഇക്കാലത്ത് വളരെ വിലപ്പെട്ടതാണ്.
മറുപടിഇല്ലാതാക്കൂആശംസകള്.
@Mayflowers:
മറുപടിഇല്ലാതാക്കൂസുഹൃത്തേ, ബ്ലോഗ് വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി. അതെ, ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത വസ്തുതകള്‍ ആയിരിക്കും ഇതൊക്കെ - ഈ കച്ചവട യുഗത്തില്‍.
നാട്ടുമ്പുറങ്ങളില്‍ ഇത് സാധാരണം
മറുപടിഇല്ലാതാക്കൂഎങ്കിലും പങ്കു വെക്കപ്പെടേണ്ട ഓര്‍മ്മകള്‍
ആശംസകളോടെ ...
@Habeeba: സുഹൃത്തേ, ബ്ലോഗ് വായിച്ച അഭിപ്രായം എഴുതിയതില്‍ സന്തോഷം, നന്ദി.
മറുപടിഇല്ലാതാക്കൂ