2012, ഡിസംബർ 18, ചൊവ്വാഴ്ച

കണ്യാര്‍കളി (ലേഖനം)


കണ്യാര്‍കളി

(ലേഖനം)


( കണ്യാര്‍ കളി 2012 - തിരുവഴിയാട്. കൂട്ടച്ചക്കിലിയര്‍ എന്ന അയ്‌റ്റത്തില്‍ ചക്കിലിയന്‍ [രാജാ പാര്‍ട്ട്‌ വേഷത്തില്‍] ആയി ലേഖകന്‍ - കടപ്പാട്: ഇരുട്ടില്‍ അറിയാതെ വന്നു ഫോട്ടോ എടുത്ത സത്യപാലന്‍ എന്ന വേറൊരു ''ചക്കിലിയ''നോട്. )


പാലക്കാട്‌ ജില്ലയിലെ വിവിധ ദേശങ്ങളില്‍ നടത്തിവരുന്ന പഴക്കംചെന്ന നാടന്‍

കലാരൂപങ്ങളില്‍, ക്ഷേത്ര/അനുഷ്ടാന കലകളില്‍ പെട്ടതാണ് കണ്യാര്‍കളിയും അതിന്റെ

ആദ്യഭാഗവും അവസാനഭാഗവുമായ വട്ടക്കളിയും.




ഇതേക്കുറിച്ച് വിസ്തരിച്ചു പറയാനുണ്ടെങ്കിലും പ്രധാന കാര്യങ്ങള്‍ മാത്രം

എടുത്തു പറയട്ടെ.



വട്ടക്കളിയുടെ ചുവടുവെപ്പുകള്‍ക്കും കലാശങ്ങള്‍ക്കും കണ്യാര്‍കളിയിലെ

വേഷങ്ങളുടേതില്‍ നിന്ന് അല്‍പ്പം വ്യത്യാസം ഉണ്ട്. എന്നിരിക്കിലും, കണ്യാര്‍കളിയിലെ

ഒറ്റക്കും കൂട്ടമായും ഉള്ള വേഷങ്ങളില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലും വട്ടക്കളിയുടെ

ആദ്യത്തെ ഒരു വട്ടവും, അവസാനദിവസത്തില്‍ ''പൂവാരല്‍'' സമയത്തുള്ള കൂട്ടച്ചെറമക്കളും,

കുറച്ചുനേരത്തെ വട്ടക്കളിയും കളിക്കാന്‍ സാധിക്കുന്നത് ഒരു ഭാഗ്യംതന്നെയാണ് -

അഥവാ, ദേവീപ്രീതി നിറഞ്ഞ ഒരു സംതൃപ്തി ലഭിക്കുന്നു എന്നത് നിസ്സംശയം.

സമുദായത്തിലെ, മരുമക്കത്തായം പ്രകാരം അല്ലാതെയുള്ള ദേശവാസികള്‍

അതില്പ്പെട്ടവരുടെ ഭാഗമായി ''ദേശം വഴങ്ങല്‍'' വഴി - പ്രത്യേകിച്ച് - കണ്യാര്‍കളിയില്‍

പങ്കെടുക്കാനും, അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ അതിന്റെ ഒരു ഭാഗമാകാനും

ഉള്ള ഭാഗ്യവും യോഗവും ഉള്ളവരായിതീരുന്നു!



പല ദേശങ്ങളിലും ദേശദേവതയെ പല പേരുകളില്‍ വിളിച്ചുവരുന്നു. ഞങ്ങളുടെ

ദേശത്തിലെ ദേശദേവതയെ കോഴിക്കാട്ടു മുത്തി (ഭഗവതി) എന്ന് വിളിക്കുന്നു.

ദേശദേവതയെ പ്രീതിപ്പെടുത്തി അനുഗ്രഹാശിസ്സുകള്‍ നേടുന്നതിലുള്ള ആചാരങ്ങളില്‍

പ്രധാനമത്രേ കണ്യാര്‍കളി. അതില്‍ പങ്കെടുക്കുവാനും അതിനെ പ്രോത്സാഹിപ്പിക്കുവാനും

ദേശവാസികള്‍ ഉല്സുകരായിരിക്കും.



ഒരുകാലത്ത് ഞങ്ങളുടെ ദേശം - തിരുവഴിയാട് കണ്യാര്‍കളിക്ക്പേരുകേട്ടതായിരുന്നു.

എന്റെ ചെറുപ്പത്തില്‍ പരേതനായ മണ്ണില്‍ പദ്മനാഭന്‍ നായരുടെ (അപ്പാവേട്ടന്‍

എന്ന് ബഹുമാനപുരസ്സരം എല്ലാവരും വിളിച്ചിരുന്ന ദേഹം) കാലമായിരുന്നു

കണ്യാര്‍കളിയുടെ സുവര്‍ണ്ണകാലം. കൂട്ടച്ചക്കിലിയര് മുതലായ കളികള്‍

വിശിഷ്ടവ്യക്തികളുടെ ക്ഷണം സ്വീകരിച്ചു പല സ്ഥലങ്ങളിലും അരങ്ങു തകര്‍ത്തു.

പരേതനായ പ്രശസ്ത കലാകാരന്‍ പല്ലാവൂര്‍ അപ്പുമാരാരുടെ മികച്ച സേവനം

വര്‍ഷങ്ങളായി ലഭിച്ചു എന്നുള്ള ഭാഗ്യവും തിരുവഴിയാടിനു സ്വന്തം.

ജാതിപരമായതും തൊഴില്പരമായതും ആയ കാര്യങ്ങളെല്ലാംതന്നെ മനുഷ്യര്‍

അവരവരുടെ സൌകര്യാര്‍ത്ഥം ഉണ്ടാക്കിയിട്ടുള്ളതാണെന്നും, എന്നാല്‍ ദൈവത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും ഉള്ള മഹത്തായ സന്ദേശം ആണ് കണ്യാര്‍കളിയില്‍ ഉരുത്തിരിഞ്ഞു കാണുന്നത്. (സ്വാമി വിവേകാനന്ദന്‍ അക്കാലത്ത് ഈ ദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എങ്കില്‍, കേരളം ഭ്രാന്താലയം ആണ് എന്ന് സ്വാമിജി പറയില്ലായിരുന്നു എന്ന് തോന്നുന്നു.) അതുകൊണ്ടുതന്നെയാണ്, നാളിതുവരെയും

ഇതിന്റെ പേരില്‍ ആര്‍ക്കും പരാതിയോ പരിഭവമോ ഉള്ളതായി കേള്‍ക്കാത്തതും.

മാത്രമല്ല, ഞാന്‍ ഓര്‍ക്കുന്നു - ചെറുമിക്കുട്ടികള്‍ ആരാണെന്ന് അറിയുവാനും അവരെ

''ഒരു നോക്ക്'' കാണുവാനുമായി പുലര്‍ച്ചനേരത്തെ പണിക്കു പോകുന്ന ചെറുമി

സ്ത്രീകള്‍, മണ്ണില്‍ തറവാടിന്റെ പടിപ്പുരക്കു മുമ്പില്‍ കാത്തുനിന്നതായി! (അന്നത്തെ

രണ്ടു
ചെറുമിവേഷക്കാരില്‍ ഒരാള്‍, നാല് വര്‍ഷങ്ങളായി, ഈ ലേഖകന്‍ ആയിരുന്നു.)

അതില്‍നിന്നു ഊഹിക്കാമല്ലോ മറ്റുള്ളവര്‍ ഈ കലാരൂപത്തെ എങ്ങിനെ കാണുന്നു

എന്ന്. ജാതി-മത സൌഹാര്‍ദ്ദം ഇവിടെ തെളിഞ്ഞുകാണാം. പൊതുവേ പറഞ്ഞാല്‍, പ്രകൃതിഭംഗിയാലും, സംസ്കാരത്താലും, നാടന്‍ കലകളാലുമൊക്കെ അനുഗ്രഹീതമായ ഈ ദേശങ്ങളെക്കുറിച്ച് അടുത്തകാലത്തായി കേരളത്തിലെ മറ്റു ഭാഗത്തുള്ളവര്‍ അടുത്തകാലത്തിറങ്ങിയ സിനിമകള്‍ വഴിയുമൊക്കെ അറിയാന്‍ തുടങ്ങി എന്ന് തോന്നുന്നു.

  


തിരുവഴിയാട്ടില്‍, കണ്യാര്‍കളി (മലമക്കളി) മേയ് മാസത്തില്‍ ആദ്യത്തെ

രണ്ടാഴ്ചകളില്‍ തിരഞ്ഞെടുത്ത മൂന്നു തുടര്‍ച്ചയായ രാത്രികളില്‍ നടത്തുന്നു,

ആദ്യത്തെ ദിവസം ചമയങ്ങള്‍ ഒന്നുമില്ലാതെ.

രണ്ടാമത്തെ ദിവസം കണ്യാര്‍കളിയിലെ ആദ്യത്തെ കളി മലയര്‍ എന്ന 12 പേര്‍

അടങ്ങുന്നകളിയാണ്. മലയര്‍ ആടിത്തകര്‍ക്കുമ്പോള്‍ ''പന്തല്‍ കുലുങ്ങും.''

അതുപോലെ, കൂട്ടച്ചക്കിലിയര്‍ ആട്ടിവട്ടം കളിക്കുമ്പോള്‍, മുറുകുന്ന താളത്തില്‍,

വര്‍ണ്ണശബളമായവേഷം ധരിച്ച കളിക്കാര്‍ ധൃതഗതിയില്‍ സ്ടെപസ് തെറ്റാതെ

ഓടിക്കളിക്കുന്നത് തികച്ചും നയനാനന്ദകരം ആയിരിക്കും! ഓരോ കളിക്കും

ഇങ്ങനെ പല പ്രത്യേകതകളും ഉണ്ട്.

സാധാരണ നിലക്ക്, ഏകദേശം 6 - 10 വയസ്സുവരെയുള്ളവര്‍, പിന്നെ 11 -18 വയസ്സു

വരെയുള്ളവര്‍, അടുത്തത് മുതിര്‍ന്നവര്‍ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകള്‍ കൂട്ട

വേഷങ്ങള്‍ തരാതരംപോലെ കളിക്കുന്നു. പിന്നെ, ഒറ്റ, ഇരട്ട വേഷങ്ങള്‍.

കൂട്ടപ്പൊറാട്ടുകളില്‍ ഒരുസ്ത്രീവേഷവും ഉണ്ടാകും.

ഭഗവതിയുടെ മന്ദത്തിനടുത്തുള്ള പന്തലില്‍, വട്ടത്തില്‍ കളിക്കുന്നു. പന്തലിനുള്ളില്‍

ആശാന്‍,രണ്ടാം ആശാന്‍, സഹായികള്‍ മുതലായവര്‍ പാടാന്‍ ഉണ്ടാകും. ചെണ്ട,

ഇലത്താളം,ചേങ്ങലഎന്ന വാദ്യങ്ങള്‍ ഇവിടെ ഉപയോഗിക്കപ്പെടുന്നു. ഓരോ വട്ടം

(അദ്ധ്യായം -അല്ലാതെ ഒരുപ്രാവശ്യം വട്ടത്തില്‍ വരുന്നതല്ല) കളി കഴിയുമ്പോഴും

വാണാക്ക് (രസകരമായചോദ്യോത്തരങ്ങള്‍) നടക്കുന്നു. ഇവിടെ അല്‍പ്പം ശ്രുംഗാരവും

കലര്‍ത്തുന്നു എന്നത് തമാശക്ക് മാറ്റ് കൂട്ടാന്‍ ആണ്. മലയാളം, തമിഴ്-മലയാളം, തമിഴ്

എന്നിവ ഗ്രാമ്യ ശൈലിയില്‍ സംസാരിക്കുന്നു, പാട്ടുകളും അതുപോലെ.

കണ്യാര്‍കളിരാത്രികള്‍ക്ക്മുമ്പായി സന്ധ്യക്ക്‌ കേളി കൊട്ടും നിറമാലയും

ഭഗവതിക്ക് മുമ്പില്‍ നടത്തി വരുന്നു.

കണ്യാര്‍കളിയില്‍ പുരുഷന്മാര്‍ മാത്രമേ പങ്കെടുക്കൂ. പുരുഷന്മാര്‍ സ്ത്രീവേഷം

കെട്ടിയുംകളിക്കുന്നു.



കണ്യാര്‍കളിയിലെ ചില ഐറ്റംസ് താഴെ കൊടുക്കുന്നു:


മലയര്‍, കൂട്ട ചക്കിലിയര്‍, കൂട്ട തൊട്ടിയര്‍, മുടുകര്‍, കൂട്ട കൊറവര്‍, വേട്ടുവ

കണക്കര്‍, കൂട്ട പൂശാരി, കുനിക്ക മുട്ട് (പരിച മുട്ട് അഥവാ കൂട്ട മാപ്പിള), വൈഷ്ണവര്‍,

കൂടാന്‍,ചെറുമി - ചെറമന്‍, പാമ്പാട്ടി - സായ്വ്വ്, ചുണ്ണാമ്പുക്കാരന്‍, നിറപ്പൊറാട്ട്,

മണ്ണാത്തി - മണ്ണാന്‍,പൂക്കാരി - കള്ളന്‍, തൊട്ടിച്ചി - തൊട്ടിയന്‍, ഒറ്റ മാപ്പിള,

കുഞ്ചിപ്പാട്ടി, ചെട്ടിയാര്‍, കൊറത്തി - കൊറവന്‍, കൂട്ട ചെറമക്കള്‍... ഇങ്ങിനെ

പോകുന്നു. എല്ലാ കളികളും മുഴുമിപ്പിക്കേണമെങ്കില്‍രണ്ടു രാത്രികള്‍ പോരാ.

ആയതുകൊണ്ട് കുറെ ഐറ്റംസ്, കുറെ വട്ടങ്ങള്‍ വെട്ടിക്കുറക്കുന്നു. മാത്രമല്ല, കാലക്രമേണ അപൂര്‍വ്വം ചിലവ ഇതിലുല്‍പ്പെട്ടവര്‍ക്ക് അത്ര വ്യക്തമല്ലാതായിത്തുടങ്ങിയതും അവ തല്‍ക്കാലം വേണ്ട എന്നുവെക്കാന്‍ കാരണമായിട്ടുണ്ട്.




ഞങ്ങളുടെ ദേശത്ത് കണ്യാര്‍കളി മോശമല്ലാത്ത നിലയില്‍ ആവശ്യത്തിനുള്ള

നേരമ്പോക്കുകളോടുകൂടി മുന്നോട്ടുപോകുന്നത് സന്തോഷകരമായ ഒരു

കാര്യംതന്നെയാണ്. വിസ്തരഭയത്താല്‍ പേരെടുത്തു പറയുന്നില്ല - ഇതിന്റെ

പിന്നില്‍ പ്രവര്‍ത്തിക്കുന്നദേശത്തിന്റെ മക്കള്‍ അതില്‍ അഭിനന്ദനങ്ങള്‍

അര്‍ഹിക്കുന്നു.കണ്യാര്‍കളിയിലെ ചില കളികളുടെ ഏതാനും ഭാഗങ്ങള്‍ ഇവിടെ

പാടിക്കൊണ്ട് ഈലേഖനം അവസാനിപ്പിക്കട്ടെ:



കസവ് സെറ്റുമുണ്ടും ബ്ലൗസുമൊക്കെ ധരിച്ച സുന്ദരിയായ കുറത്തി ആടി പാടുന്നു:

ശ്രീരാമ ലക്ഷ്മണന്‍ സീതാ
എന്നീ മൂവരൊരുമിച്ചു കൂടീ
പഞ്ചവടി എന്ന ദിക്കില്‍
ഒരു പര്ണ്ണശാലയും ചമച്ചു
വില്ലെടുത്തു രാമന്‍ കാട്ടില്‍
വെട്ടയാടുവാന്‍ പോയൊരു നേരം
സുന്ദരിയായൊരു പെണ്ണ്
വന്നു രാമന്റെ മുമ്പിലും ചെന്നു
മോഹമെനിക്കുണ്ട് രാമാ
എന്നെ മാലയും വെക്കണം നീയ്........

(
ശ്രീരാമന്‍, താന്‍ വിവാഹിതനാനെന്നും, വേണമെങ്കില്‍ അനിയനെ കണ്ടു ചോദിച്ചുനോക്കു

എന്നും പറഞ്ഞുവിടുന്നു. രാമന് എന്നപോലെ, ലക്ഷ്മണനും ഒറ്റനോട്ടത്തില്താന്നെ, സുന്ദരി

ചമഞ്ഞു മുന്നില്‍ നില്ക്കുന്ന അവള്‍ ശൂര്പ്പണകയാണെന്ന് മനസ്സിലായി, ആ രാക്ഷസിയുടെ

മൂക്കും, മലകള്പോലുള്ള മുലകളും അരിഞ്ഞുവീഴ്തുന്നു!)


വേറൊരു വട്ടത്തില്‍ കുറത്തി പാടുന്നു:


തൃശ്ശൂര് പൂരത്തിന് കണ്ടിട്ടുള്ള മഹിമ

എടുത്തു പാടുന്നുണ്ട് ഏണമായ പുതുമ

വമ്പന്‍ വമ്പന്‍ ആനകളെ വരിശയായ് നിറുത്തി

കൊമ്പ് കുഴല്‍ താളം മേളം വാദ്യങ്ങളും മുഴങ്ങി

ആകാശ വെടികളും പൊട്ടി അങ്ങനെ ചിതറി.......


കൂട്ട പൂശാരി:

മൂന്നു മുഴയിലടുപ്പ് കൂട്ടി പെണ്ണെ

മുത്ത്ക്കുടത്തില് പാല്‍ കാച്ചി

കാച്ചിയ പാല് കശക്കുതെടീ പെണ്ണെ

കട്ടത്തൈരും പുളിക്കുതെടീ

നാനന്നന നന്നന്നന നന്നന്നന നാനന്നേയ്

നാനേയ് നന്നന്നൈയ് നന്നാനെ



പൂക്കാരി:

പൂ വാങ്കാലയേ ഊര് നടന്ത് വിക്കലയേ

വല്ലയേ പൂ വാങ്കാലയേ

സിത്തൂര് നല്ലേപ്പിള്ളി

കൊല്ലങ്കോട്‌ കൊഴിഞ്ഞാംപാറെയ്

അങ്കെ എല്ലാം പൂവേയ് വിറ്റ്

ഇന്ത ഊര് വന്തേനയ്യാ

പൂ വാങ്കാലയേ....


മണ്ണാത്തി: (Washer Woman)

ചാരമണ്ണും (Washing Soda) നീലൂം (Blue)

വാങ്ങാന്‍ കാശുമില്ലല്ലോ,

പിന്നെ പാടറിഞ്ഞു

കൂലി തരാന്‍ ആളുമില്ലല്ലോ









ഒറ്റ മാപ്പിള:

തനി താനി താനി താനി

തനി താനി താനി താനി

തനി താനി താനി താനി

തനി താനിന്നേ...

ഉരുണ്ട തിണ്ണമേല്‍ പരന്ന പായിട്ടി-

ട്ടോന്‍ കിടന്നിട്ടുറങ്ങുമ്പോള്‍

ഉണര്ത്തല്ലേ കൊതു ഉണര്ത്തല്ലേ കൊതു

നീ പുന്നാര കൊതുവല്ലേ....

കിട്ടണ്ണേ ഹാ ഹാ, ഓന്റമ്മടെ തലക്കുടുക്ക.
- -o0o- -

8 അഭിപ്രായങ്ങൾ:

  1. A Cut and Paste Message:
    vikraman mannil
    3:02 PM (7 minutes ago)

    to me
    Dear Preman,
    I tried to put in my remarks in your blog. But could not.
    Anyway I find your blog interesting and the write up is beautiful - Kannetta

    മറുപടിഇല്ലാതാക്കൂ
  2. കണ്ണേട്ടേ, ബ്ലോഗ്‌ വായിച്ചു നല്ല അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി. വാസ്തവത്തില്‍ ഇതൊക്കെത്തന്നെയാണ് വീണ്ടും എഴുതുവാനുള്ള എഴുത്തുകാരന്റെ പ്രചോദനവും.

    മറുപടിഇല്ലാതാക്കൂ

  3. Cut 'n' paste message from PG Kutty:
    ''Regarding your blogs I could not open the message, since my System is not supporting the new version of Windows 7. Your article on Kaniyar Kali is very very illustrative and gives a deep insight of ancient art form.''

    THANK YOU, GOPI. - Preman

    മറുപടിഇല്ലാതാക്കൂ
  4. പഴയ പോസ്റ്റ് നഷ്ടപ്പെടുമ്പോള്‍ കമന്റുകളും നഷ്ടപ്പെടില്ലെ?സംരക്ഷിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  5. അതെ, കമെന്റ്സും നഷ്ടപ്പെടും. കൂടുതല്‍ അറിയുന്ന ആരോടെങ്കിലും വിശദമായി ചോദിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
    നന്ദി, സര്‍.

    മറുപടിഇല്ലാതാക്കൂ
  6. സമത്വം അക്ഷരാർഥത്തിൽത്തന്നെ സന്നിവേശിപ്പിക്കപ്പെടുന്ന കണ്യാർകളി പുതിയൊരനുഭവമായി.

    ഡോക്ടറുടെ രാജാപാർട്ട് കലക്കിയിട്ടുണ്ട്.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹൃത്തേ, സാന്ദർഭികമായി ഈ ബ്ലോഗ്‌ വായിച്ചു നോക്കാൻ പറഞ്ഞപ്പോൾ, ഉടന്തന്നെ വായിച്ചു, അഭിപ്രായം എഴുതിയതിൽ സന്തോഷമുണ്ട്, നന്ദിയും. കണ്യാർകളിക്ക് ഇപ്പോൾ അഖിലകേരള അടിസ്ഥാനത്തിൽ മത്സരങ്ങളും നടത്തിവരുന്നുണ്ട്. ഒരുപക്ഷെ, കേരളത്തിന്റെ മറ്റുഭാഗങ്ങളില് ഉള്ളവര്ക്ക് അജ്ഞാതമായ ഈ അനുഷ്ടാന ക്ഷേത്രകല കുറേശ്ശെ ഇങ്ങിനെ അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ സ്കൂളിൽ പോകാൻ തുടങ്ങിയ കാലം മുതൽതന്നെ കണ്യാർകളിയിലും പങ്കെടുക്കാൻ തുടങ്ങിയതുകൊണ്ട്, പഠിച്ച ബാലപാഠങ്ങൾ തെറ്റാതെ ഓർമ്മിച്ചുകൊണ്ട്‌ ഇന്നും റിഹേർസൽ ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കുന്നു.

      ഇല്ലാതാക്കൂ

.