Blog post no: 457 -
പാരിജാതം
പാരിജാതം - അതാണവളുടെ പേര്. പാരി എന്ന് അടുത്തു പെരുമാറുന്നവർ വിളിച്ചു. സകലകലാവല്ലഭയായ പാരിജാതം യുവജനോത്സവങ്ങളിൽ തിളങ്ങി.
പാരി പിന്നീട് പ്യാരിയായി നാടകങ്ങളിൽ അഭിനയിച്ചു. അതെ, അവൾ എല്ലാവര്ക്കും പ്യാരി (പ്രിയപ്പെട്ടവൾ) ആയി.
പാവം പ്യാരി. ഒരിക്കൽ പ്യാരിയെ ആരോ ചോരി (മോഷണം) ചെയ്തുകൊണ്ടുപോയി. അന്വേഷണം ഇപ്പോഴും തുടരുന്നു.
എല്ലാവർക്കും പ്രിയപ്പെട്ടവളുടെയും, എല്ലാവർക്കും പ്രിയപ്പെട്ടവയുടെയും വിധി പലപ്പോഴും ഇങ്ങനെയാണ്. പാരിജാതമെന്ന പ്യാരിയും അതിൽപ്പെട്ടുപോയി.
***
പനിനീർപ്പൂവിതൾ
എങ്കിലും ആ പനിനീർപ്പൂവിതൾ എവിടെനിന്നു വന്നു - അവൾ വീണ്ടും ആലോചിച്ചു. വിശ്വേട്ടൻ സ്നേഹസമ്പന്നനാണ്. കൂട്ടുകാരിൽ പെൺകുട്ടികൾ ധാരാളം. അവരിലാരെങ്കിലും.... ഛെ! അങ്ങനെയുണ്ടാവുമോ?
ആരെങ്കിലും വന്നിരുന്നോ എന്ന് ചോദിച്ചപ്പോൾ, ''ആര് വരാൻ'' എന്ന് മറുപടി. മാത്രമല്ല, ''ആയതുകൊണ്ട്, എന്റെ പണി മുഴുവനാക്കാൻ സാധിക്കുന്നു'' എന്നും. രണ്ടു മൂന്നു ദിവസത്തെ ലീവെടുത്ത് തന്റെതായ ജോലികൾ മുഴുവനാക്കുകയാണെന്നാണ് പറഞ്ഞത്. തനിക്കാണെങ്കിൽ ലീവില്ല. പോയേ പറ്റൂ. അതൊരു ഉപകാരം എന്ന് ചിരിച്ചുകൊണ്ട് പറയുന്നതും കേട്ടു.
ഞായറാഴ്ച നിലം തൂത്തുവാരുമ്പോൾ ഒരു പനിനീർപ്പൂവിതൾ അതാ ബാൽക്കണിയുടെ ഗ്രില്ലിലൂടെ പറന്നു വരുന്നു! അതേ, അപ്പുറത്തെ ഫ്‌ളാറ്റിലെ ബാൽക്കണിയിൽ ചെടിച്ചട്ടികൾ റോസാച്ചെടിയുടേതാണ്.
അവൾ തലയിൽ കൈ വെച്ചു, തലയിൽ ഒന്ന് കൊട്ടി. വിശ്വേട്ടനെ വെറുതെ സംശയിച്ചതിൽ കരച്ചിൽ വന്നു.